cial

നെടുമ്പാശേരി: കനത്തമഴയിൽ റൺവേയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് താത്കാലികമായി അടച്ച കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം പുന:രാരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.15ന് അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനമാണ് ആദ്യമെത്തിയത്. ഉച്ചയ്ക്കുശേഷം 1.35ന് ബംഗളൂരുവിലേക്കുള്ള എയർ ഏഷ്യയാണ് ഇവിടെ നിന്ന് ആദ്യം പറന്നത്.ഇന്നലെ മൊത്തം 44 ആഗമന സർവീസുകളും 40 പുറപ്പെടൽ സർവീസുകളും ഉണ്ടായി. ഇന്നത്തോടെ സർവീസുകൾ സാധാരണനിലയിലാകുമെന്ന് സിയാൽ അധികൃതർ അറിയിച്ചു. പെരിയാറിൽ ജലനിരപ്പ് ഉയർന്ന് ചെങ്ങൽതോട് വഴി റൺവേയിൽ വെള്ളം കയറിയതിനെ തുടർന്ന് വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് വിമാനത്താവളം അടച്ചത്. ഏപ്രണിലും ടാക്‌സിവേയിലും വെള്ളം കയറിയതിനെ തുടർന്ന് അടിഞ്ഞുകൂടിയ ചെളിയും മറ്റും നീക്കം ചെയ്യേണ്ടിവന്നു. അന്താരാഷ്ട്ര വിമാനങ്ങൾ എത്തുന്ന ടെർമിനൽ മൂന്നിലെ ഏപ്രണുകളെയാണ് വെള്ളക്കെട്ട് കൂടുതൽ ബാധിച്ചത്.കനത്തമഴയിൽ വിമാനത്താവളത്തിന്റെ മതിലിന്റെ 100 മീറ്ററോളം ഭാഗം തകർന്നിരുന്നു. ഇത് താത്കാലികമായി ഷീറ്റ് സ്ഥാപിച്ച് മറച്ചിരിക്കുകയാണ്. ടാക്‌സിവേകളെല്ലാം ശനിയാഴ്ചയോടെ സജ്ജമാക്കി. അതേസമയം,​ വിമാനത്താവളം അപ്രതീക്ഷിതമായി അടച്ചിടേണ്ടി വന്നതിനാൽ എട്ട് വിമാനങ്ങൾ ഇവിടെ കുടുങ്ങിയിരുന്നു. ഇവയെല്ലാം സുരക്ഷിതമായി മാറ്റി. വെള്ളം കയറിയെങ്കിലും റൺവേയിൽ തകരാറൊന്നും സംഭവിച്ചിരുന്നില്ല.