തിരുവനന്തപുരം: വെള്ളപ്പൊക്കത്തിൽ ഒഴിഞ്ഞു പോയവരുടെ വീടുകൾ പൊലീസ് സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാമൂഹ്യവിരുദ്ധരുടെയും മറ്റും സാന്നിദ്ധ്യം ഒഴിവാക്കുന്നതിന് പൊലീസ് ഇടപെടലുണ്ടാകും. ഇതിനായി പൊലീസ് നിർദ്ദേശം നൽകി. വെള്ളമിറങ്ങിയാൽ വീടുകൾ വാസയോഗ്യമാക്കുന്നതിന് സന്നദ്ധതയുള്ളവരെ നിയോഗിക്കും.
വടക്കൻ ജില്ലകളിൽ 22 റോഡുകൾ തകർന്നു. 21.60 ലക്ഷം വൈദ്യുതി കണക്‌ഷനുകൾ തകരാറിലായി. 12 സബ്‌സ്റ്റേഷനുകൾ പ്രവർത്തനരഹിതമായി. ബാണാസുര സാഗർ അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി 11,000 പേരെ ഒരു ദിവസം കൊണ്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, പ്രാദേശിക വോളന്റിയർമാർ, റവന്യൂ വകുപ്പ്, പൊലീസ്, ഫയർഫോഴ്‌സ് സംവിധാനങ്ങൾ എന്നിവർ ചേർന്നായിരുന്നു പ്രവർത്തനങ്ങൾ. രണ്ടേകാൽ ലക്ഷത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. ദുരന്തം കുന്നുകളെയും അതുമായി ചേർന്നുനിൽക്കുന്ന താഴ്‌വാരങ്ങളെയുമാണ് ബാധിച്ചത്.
ഓരോ ജില്ലയിലും സഹായങ്ങൾ ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നവർ അതത് ജില്ലകളിലെ കളക്ടിംഗ് സെന്ററുകളിലെത്തിക്കണം. അവ മറ്റുജില്ലകളിലേക്കെത്തിക്കുന്ന നടപടി ചുമതലപ്പെട്ടവർ നിർവഹിക്കും. ദുരിതാശ്വാസ പ്രവർത്തനത്തിനുവേണ്ട ഉത്പന്നങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാധനങ്ങൾ ശേഖരിക്കുന്നവർ കളക്ടർമാരുമായി ബന്ധപ്പെട്ടാണ് അതുചെയ്യേണ്ടത്. ക്യാമ്പിനകത്തു കയറി ആരും സഹായം എത്തിക്കരുത്. പ്രത്യേക ചുമതലയില്ലാത്ത ആരും ക്യാമ്പിൽ പ്രവേശിക്കുന്നത് അനുവദിക്കില്ല.
പ്രത്യേക ചിഹ്നങ്ങളും അടയാളങ്ങളുമായി സഹായമെത്തിക്കുന്ന രീതിയും അനുവദിക്കില്ല. ക്യാമ്പുകളിലുള്ളവരെ വേണമെങ്കിൽ പുറത്ത് കാണുകയോ സംസാരിക്കുകയോ ആകാം. ഇക്കാര്യത്തിൽ പൊതുവായ ചിട്ട പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.