കൊച്ചി: മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി തുടങ്ങിയ കളക്ഷൻ സെന്ററുകളിലേക്ക് അവശ്യസാധനങ്ങൾ എത്തിച്ച് തരാൻ ജനങ്ങളോട് അപേക്ഷിച്ച് സിനിമാ താരങ്ങൾ. പ്രളയബാധിതർ കഴിയുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങൾ എത്തിക്കാൻ സംസ്ഥാനത്ത് പല ജില്ലകളിലായി കളക്ഷൻ സെൻററുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
എന്നാൽ കഴിഞ്ഞ വർഷം സംഭവിച്ച പ്രളയത്തിന് എത്തിച്ചു കിട്ടിയ സഹായവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ കളക്ഷൻ സെന്ററുകളിലേക്ക് എത്തുന്ന സാധനങ്ങളുടെ എണ്ണം വളരെ കുറവാണ്. എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിൽ ആരംഭിച്ച കളക്ഷൻ സെന്ററുകളിൽ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ അവശ്യ സാധനങ്ങൾ വളരെ കുറവായാണ് എത്തുന്നത്.
എറണാകുളം ജില്ലയിലാണ് ഈ സ്ഥിതി ഏറ്റവും രൂക്ഷം. 'അൻപോടു കൊച്ചി എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തിൽ ആരംഭിച്ച കളക്ഷൻ സെന്ററിൽ ഇനിയും വേണ്ടത്ര സാധനങ്ങൾ എത്തിയിട്ടില്ല. എറണാകുളം കലക്ടറേറ്റിലും ഇത് തന്നെയാണ് സ്ഥിതി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ കളക്ഷൻ സെന്ററിലാണെങ്കിൽ ആരംഭിച്ച് ഒരു ദിവസം കഴിഞ്ഞിട്ടും ഒരു ലോറിക്കുള്ള സാധനം പോലും എത്തിയിട്ടില്ല.
ഈ സാഹചര്യത്തിലാണ് ജനങ്ങളോട് സിനിമ താരങ്ങളും സഹായമഭ്യർത്ഥിക്കുന്നത്. എത്രയും പെട്ടെന്ന് കഴിയുന്നത്ര അവശ്യ സാധനങ്ങൾ എത്തിച്ച് തരണമെന്നാണ് ഇവർ വാർത്താ ചാനലുകൾ വഴി ജനങ്ങളോട് അഭ്യർത്ഥന നടത്തുന്നത്.
ബെഡ്ഷീറ്റ്, ബ്ലാങ്കറ്റ്, കുടിവെള്ളം എന്നിവ വേണ്ടത്ര ലഭിക്കുന്നില്ലെന്നും അവ എത്തിച്ച് നൽകണമെന്നുമാണ് ചലച്ചിത്രതാരം സരയൂ ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണത്തെ ദുരന്തസമയത്ത് ഒരുപാട് പേർ എത്തിയെന്നും അതുകൊണ്ട് സാധനങ്ങൾക്ക് ധൗർലഭ്യം നേരിട്ടില്ലെന്നും നടൻ ഇന്ദ്രജിത്തും പറഞ്ഞു. 'എന്നാൽ ഇത്തവണ വളരെ പതുക്കെയാണ് കാര്യങ്ങൾ നീങ്ങുന്നത്.' ഇന്ദ്രജിത്ത് പറയുന്നു.
പ്രളയം ഏറ്റവുമധികം ബാധിച്ച വടക്കൻ ജില്ലകൾക്ക് സഹായമെത്തിക്കാനാണ് സർക്കാരും സന്നദ്ധ സംഘടനകളും ശ്രമിക്കുന്നത്. കുട്ടികളുടെ വസ്ത്രങ്ങൾ, മരുന്നുകൾ, പായ, പുതപ്പുകൾ, അടിവസ്ത്രങ്ങൾ, സോപ്പ്, ബ്ലീച്ചിങ് പൗഡർ, കുടിവെള്ളം എന്നിവയാണ് അത്യാവശ്യമായി വേണ്ടത്.