ഹൈരാബാദ് ഓപ്പൺ:സൗരഭ് വർമ്മ ചാമ്പ്യൻ
അശ്വനി പൊന്നപ്പ -സിക്കി റെഡ്ഡി സഖ്യം റണ്ണറപ്പായി
ഹൈദരാബാദ്: ഹൈദരാബാദ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ സൗരഭ് വർമ്മ ചാമ്പ്യനായി. ഇന്നലെ നടന്ന പുരുഷ സിംഗിൾസ് ഫൈനലിൽ സിംഗപ്പൂരിന്റെ കീൻ യൂ ലോയെ മൂന്ന് ഗെയിം നീണ്ട വാശിയേറിയ പോരാട്ടത്തിൽ 21-13, 14-21, 21-16ന് വീഴ്‌ത്തിയാണ് സൗരഭ് സ്വർണം സ്വന്തമാക്കിയത്. 2019ൽ ബി.ഡബ്ലിയു.എഫ് ടൂർ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് സൗരഭ്. ആദ്യ ഗെയിം ഏറെക്കുറെ അനായാസം സ്വന്തമാക്കിയ സൗരഭിനെ രണ്ടാം ഗെയിമിൽ ലോ തകർപ്പൻ പ്രകടനത്തോടെ മറികടന്നത് ആശങ്ക പടർത്തി. 10-5ന് രണ്ടാം ഗെയിമിന്റെ തുടക്കത്തിൽ ലീഡ് കണ്ടെത്തിയ സൗരഭിന് പക്ഷേ ലോയുടെ തിരിച്ചടിയിൽ താളം നഷ്ടമാവുകയായിരുന്നു. എന്നാൽ പതറാതെ പൊരുതിയ സൗരഭ് മൂന്നാം ഗെയിമിൽ എതിരാളിയുടെ ദൗർബല്യങ്ങൾ മനസിലാക്കി ക്ഷമയോടെ കളിച്ച് വിജയം സ്വന്തമാക്കുകയായിരുന്നു. വനിതാ സിംഗിൾസിൽ ടോപ് സീഡ് സിംഗപ്പൂരിന്റെ യോ ജിയ മിൻ ചാമ്പ്യനായി. ഫൈനലിൽ കൊറിയയുടെ രണ്ടാം സീഡ് ആൻ സേ യംഗിനെതിരെ ആദ്യ ഗെയിം നഷ്ടമാക്കിയ ശേഷമായിരുന്നു മിൻ സ്വർണം നേടിയത്. സ്കോർ: 12-21, 21-17, 21-19.
വനിതാ ഡബിൾസിൽ ഇന്ത്യയുടെ അശ്വനി പൊന്നപ്പ -സിക്കി റെഡ്ഡി സഖ്യം റണ്ണറപ്പായി. കൊറിയയുടെ ബയിക് ഹാ നാ -ജുംഗ് കുൻ ഇൻ സഖ്യത്തോടാണ് ഇന്ത്യൻ ജോഡി തോറ്റത്. സ്കോർ: 17-21, 17-21.
നാട്ടിൽ ഇങ്ങനൊരു വിജയ നേട്ടം സ്വന്തമാക്കാനായതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ട്. രണ്ടാം ഗെയിമിൽ തുടക്കത്തിൽ ലീഡ് നേടിയതിന് പിന്നാലെ അല്പം റിലാക്സ് ചെയ്ത് കളിച്ചതാണ് കുഴപ്പമായത്. മൂന്നാം ഗെയിമിന് മുൻപ് കൂടുതൽ റാലി കളിക്കാനാണ് കോച്ച് പറഞ്ഞത്. അത് വർക്കൗട്ടായി.
സൗരഭ് മത്സരശേഷം