1. സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 74 ആയി. വിവിധ ജില്ലകളില്‍ 1621 ക്യാമ്പുകളിലായി 2,54,339 പേര്‍ താമസിക്കുന്നുണ്ട് എന്നാണ് ഔദ്യോഗിക കണക്കുകള്‍. മഴക്കെടുതി ഏറ്റവുമധികം ബാധിച്ച മലപ്പുറം ജില്ലയില്‍ 237 ക്യാമ്പുകളിലായി 54,139 പേരും കോഴിക്കോട് 317 ക്യാമ്പുകളിലായി 52,416 പേരുമാണ് കഴിയുന്നത്. വയനാട് 207 ക്യാമ്പുകളിലായി 35,882 പേരുണ്ട്.വടക്കന്‍ ജില്ലകളിലെ 22 റോഡുകള്‍ തടസപ്പെട്ടു എന്ന് മുഖ്യമന്ത്രി അറിയിച്ചു. 21, 60,000 വൈദ്യുതി കണക്ഷന്‍ തടസപ്പെട്ടിട്ടുണ്ട്.
2. 12 സബ് സ്റ്റേഷനുകള്‍ പ്രവര്‍ത്തന രഹിതം ആയെന്നും മുഖ്യമന്ത്രി. ഷോളയാര്‍ ഡാം തുറന്നു വിടും എന്ന് തമിഴ്നാട് മുന്നിയിപ്പ് നല്‍കിയിട്ടുണ്ട്. അങ്ങനെ വന്നാല്‍ ചാലക്കുടി പുഴയില്‍ വെള്ളം കയറാന്‍ സാധ്യത ഉണ്ട്. അതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം എന്നും പരിഭ്രാന്തര്‍ ആവണ്ടെന്നും മുഖ്യമന്ത്രി. സമൂഹ മാദ്ധ്യമങ്ങളില്‍ വരുന്ന തെറ്റായ പ്രചരണങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുണ്ട്. ഇത് തടയാനുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ വേണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
3. അതേസമയം, കൊല്ലത്തും തൃശൂരും ഇടിയോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥാ കേന്ദ്രം. ഇന്നും നാളെയും പടിഞ്ഞാറു ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കേരള തീരത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യത ഉണ്ടെന്ന് കേരള ദുരന്ത നിവാരണ അതോരിറ്റി. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ജാഗ്രത നിര്‍ദേശം. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും.
4. കവളപ്പാറയില്‍ ഉരുള്‍പോട്ടി കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം 13 ആയി. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. അനുകൂല കാലാസ്ഥ ആയതിനാല്‍ പ്രവര്‍ത്തനം കാര്യക്ഷമമം എന്ന് ഫയര്‍ഫോഴ്സ് മേധാവി എ. ഹേമചന്ദ്രന്‍ അറിയിച്ചു. മലയുടെ ഒരു ഭാഗം ഇടിഞ്ഞ് 50 അടിയോളം ഉയരത്തില്‍ മണ്ണ് നിറഞ്ഞു കിടക്കുക ആണ്. ദുരന്ത നിവാരണ സേനയും കവളപ്പാറയില്‍ തിരച്ചിലിന് ഇറങ്ങിയിട്ടുണ്ട്. 45 വീടുകളാണ് ഇവിടെ മണ്ണിന് അടിയില്‍ പെട്ടുപോയത്. 50 അടിയോളം ആഴത്തില്‍ മണ്ണ് ഇളക്കി നീക്കിയാല്‍ മാത്രമേ ഉള്ളില്‍ കുടുങ്ങിയവയെ കണ്ടെത്താന്‍ സാധിക്കൂ.
5. അതേസമയം, വയനാട് എം.പി രാഹുല്‍ ഗാന്ധി കവളപ്പാറയിലെ ദുരന്തഭൂമി സന്ദര്‍ശിച്ചു. ദുരിത ബാധിതരോട് സംവദിക്കുകയും പ്രശ്നങ്ങള്‍ ആരായുകയും ചെയ്തു. പ്രളയം ബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി രണ്ട് ദിവസത്തേക്കാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തിയത്. മലപ്പുറത്തെ ദുരിതാശ്വാസ ക്യാംപുകളും സന്ദര്‍ശിക്കും. നാളെ വയനാട് ലോക്സഭാ മണ്ഡലത്തിലെ ദുരിത ബാധിത മേഖലകളും സന്ദര്‍ശിക്കും. മലപ്പുറം കലക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തിലും രാഹുല്‍ പങ്കെടുക്കും.
6. വയനാട് പുത്തുമല ഉരുള്‍പ്പൊട്ടലില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ തുടരവേ അപകടത്തില്‍ അകപ്പെട്ടവരുടെ കൃത്യം കണക്ക് പറയാന്‍ കഴിയില്ല എന്ന് വയനാട് കളക്ടര്‍ എ.ആര്‍ അജയകുമാര്‍. അപകടത്തില്‍ 17 പേര്‍ അകപ്പെട്ടെന്ന് ആണ് പ്രാഥമിക കണക്ക്. അപകടത്തില്‍പ്പെട്ടവര്‍ ഇതര സംസ്ഥാനക്കാര്‍ ആയതിനാല്‍ വിവര ശേഖരണം ദുഷ്‌കരമാണ്. മഴമാറി നിന്നതോടെ ഇന്ന് രാവിലെ ഉരുള്‍പ്പൊട്ടലില്‍ അകപ്പെട്ടവര്‍ക്കായി വീണ്ടും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
7. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും ഇറങ്ങിയിട്ടുണ്ട്. പത്തുപേരുടെ മൃതദേഹമാണ് പുത്തുമലയില്‍ നിന്നും ഇതുവരെ കണ്ടെത്തിയത്. 10 മുതല്‍ 15 അടി വരെ ഉയത്തിലാണ് പുത്തുമലയില്‍ മണ്ണ് കുന്നുകൂടി നില്‍ക്കുന്നത്. ഇത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം ആക്കുന്നുണ്ട്. ചാലിയാര്‍ കര കവിഞ്ഞതോടെ 200-ല്‍ അധികം പേര്‍ കാട്ടില്‍ കുടുങ്ങി കിടക്കുന്ന വാണിയമ്പുഴയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഇവിടെ ഉള്ളവര്‍ക്ക് ഹെലികോപ്റ്ററില്‍ ഭക്ഷണം എത്തിച്ചു.
8. കുമ്പളപ്പാറ ആദിവാസി കോളനിയിലെ 14 വീടുകളാണ് മഴയില്‍ തകര്‍ന്നത്. ഇവിടെ സൈന്യം രക്ഷാദൗത്യം തുടരുന്നു. കോട്ടക്കുന്നില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കിട്ടിയിട്ടുണ്ട്. നിലമ്പൂരില്‍ ചാരങ്കുളത്ത് ഒരാള്‍ കുഴഞ്ഞു വീണ് മരിച്ചു. കാസര്‍ഗോഡും ഒരാള്‍ മരിച്ചതായി വിവരം. കാണാതായവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഊട്ടി - അട്ടപ്പാടി റോഡ് ശക്തമായ മഴയെ തുടര്‍ന്ന് ഒലിച്ചുപോയി. 60 ഊരുകള്‍ ഒറ്റപ്പെട്ടു കിടക്കുകയാണ്.
9. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ച മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ആശുപത്രി വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ, വെള്ളിയാഴ്ച ആണ് ജെയറ്റ്ലിയെ എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ശ്വാസ തടസത്തെയും മറ്റ് അസ്വസ്ഥതകളെയും തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ തുടങ്ങിയവര്‍ വെള്ളിയാഴ്ച ആശുപത്രിയിലെത്തി ജെയ്റ്റ്ലിയെ കണ്ടിരുന്നു