കൊച്ചി: ഇന്ത്യൻ മൂലധന വിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ കൊഴിഞ്ഞുപോക്ക് തുടരുന്നു. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) 9,197 കോടി രൂപയാണ് ഈമാസം ഇതുവരെ ഇന്ത്യയിൽ നിന്ന് പിൻവലിച്ചത്. ഓഹരി വിപണിയിൽ നിന്നാണ് മുഖ്യമായും നിക്ഷേപം കൊഴിയുന്നത്.
നടപ്പു സാമ്പത്തിക വർഷത്തേക്കായി ഇക്കഴിഞ്ഞ ജൂലായ് അഞ്ചിന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബഡ്ജറ്റിൽ, വിദേശ നിക്ഷേപകർക്കുമേൽ ആഡംബര നികുതി (സൂപ്പർ റിച്ച് ടാക്സ്) ഏർപ്പെടുത്തിയിരുന്നു. ഇതോടെയാണ് വിദേശ നിക്ഷേപത്തിന്റെ ചോർച്ച തുടങ്ങിയത്. കടപ്പത്ര വിപണിയിലേക്ക് 1,937 കോടി രൂപയുടെ വിദേശ നിക്ഷേപം ലഭിച്ചെങ്കിലും ഓഹരി വിപണിയിൽ നിന്ന് 11,134 കോടി രൂപ പിൻവലിക്കപ്പെട്ടു. ഇതോടെയാണ്, മൊത്തം നഷ്ടം 9,197 കോടി രൂപയായത്.
ജൂലായിൽ 2,985 കോടി രൂപയുടെ നഷ്ടം ഇന്ത്യൻ മൂലധന വിപണി വിദേശ നിക്ഷേപത്തിൽ രേഖപ്പെടുത്തിയിരുന്നു. നികുതി നിർദേശങ്ങളെ തുടർന്ന് വൻ തകർച്ചയാണ് ജൂലായ് അഞ്ചുമുതൽ ഇന്ത്യൻ ഓഹരി സൂചികകൾ നേരിട്ടത്. സെൻസെക്സിന്റെ മൂല്യത്തിൽ നിന്ന് 15 ലക്ഷം കോടി രൂപയോളം കൊഴിഞ്ഞുപോയി. സൂപ്പർ റിച്ച് ടാക്സും 2018ലെ ബഡ്ജറ്രിൽ ഏർപ്പെടുത്തിയ ദീർഘകാല മൂലധന നേട്ട നികുതിയും (എൽ.ടി.സി.ജി) ഒഴിവാക്കാൻ കേന്ദ്രം മുതിർന്നേക്കുമെന്ന സൂചനകളുണ്ട്. ഇതേത്തുടർന്ന്, കഴിഞ്ഞ രണ്ടു സെഷനുകളിൽ സെൻസെക്സും നിഫ്റ്റിയും മികച്ച നേട്ടം കൈവരിച്ചിരുന്നു.