നായ്ക്കളെയും വളർത്തു മൃഗങ്ങളെയും ഇഷ്ടമുള്ളവർ നിരവധിയുണ്ട്. എന്നാൽ അവർക്ക് വേണ്ടി സ്വന്തം ജീവൻ പോലും അപകടത്തിലാക്കാൻ തക്കവണ്ണം സ്നേഹമുള്ളവർ വളരെ ചുരുക്കമായിരിക്കും. അത്തരത്തിലുള്ള രണ്ടാൾക്കാരാണ് തൃശൂർ തളിക്കുളം സ്വദേശികളായ സുനിതയും ഭർത്താവും. പെരുമഴ വന്ന് വീട് അപ്പാടെ വിഴുങ്ങുമെന്ന ഭീതി മാറ്റിവച്ച് തങ്ങളുടെ നാൽപതോളം വരുന്ന നായ്ക്കളെ സംരക്ഷിക്കാനാണ് ഇവർ രണ്ടുപേരും ശ്രമിക്കുന്നത്. പരിക്ക് പറ്റിയ തെരുവ് നായ്ക്കളെ വീട്ടിലേക്ക് കൊണ്ട് വന്ന് സംരക്ഷിയ്ക്കുന്നവരാണ് സുനിതയും ഭർത്താവ് സിന്റോയും. വെള്ളപ്പൊക്കം ഉണ്ടായെന്ന് വച്ച് നായ്ക്കളെ ഉപേക്ഷിക്കാൻ ഇവർ തയാറുമല്ല.
'ഞാനും എന്റെ ഭർത്താവും ക്യാമ്പിൽ പോയാൽ ഇവർക്ക് ഭക്ഷണം കൊടുക്കാനൊന്നും പറ്റില്ല. വയ്യാത്ത നായ്ക്കളല്ലേ? അത് കാരണം ക്യാമ്പിലേക്ക് പോയില്ല. മെമ്പറോട് സംസാരിച്ചപ്പോൾ പട്ടികളെ ക്യാമ്പിലേക്ക് കൊണ്ട് പോകണ്ട എന്ന് പറഞ്ഞു. വേറൊരു നിവൃത്തിയും ഇല്ലാതെ ഞങ്ങൾ ഇവിടെ അഡ്ജസ്റ്റ് ചെയ്യുകയാണ്. ഞങ്ങൾക്ക് ക്യാമ്പിൽ നിന്നും ഭക്ഷണം കിട്ടും. പക്ഷെ ഈ വയ്യാത്ത നായകളെ ആര് നോക്കും?' സുനിത ചോദിക്കുന്നു.
40 വയസുകാരിയായ സുനിത പരിക്ക് പറ്റിയ നായകൾക്ക് തന്റെ ഇരുമുറി വീട് തുറന്ന് കൊടുത്തിട്ട് ഇപ്പോൾ ഒന്നര വർഷമാകുന്നു. പട്ടികളെ വളർത്താനായി അന്വേഷിച്ച് വരുന്നവർക്ക് സുനിത ഇവരെ കൈമാറാറുണ്ട്. എന്നാൽ പ്രളയം വന്നപ്പോൾ ഇവർക്ക് ആരും കൂട്ടിനില്ല. നായ്ക്കൾക്കും തങ്ങൾക്കുമായി പുതിയൊരു വാസസ്ഥലം കണ്ടെത്താനായി സുനിത ശ്രമിക്കുന്നതിനിടെയാണ് പെരുമഴ എത്തിച്ചേരുന്നത്. ഏതായാലും സുനിത തളരാൻ ഒരുക്കമല്ല. നായ്ക്കളെ ഉപേക്ഷിച്ച് തനിക്ക് രക്ഷപ്പെടേണ്ട എന്ന നിലപാടിൽ തന്നെയാണ് ഈ ദയാലുവായ സ്ത്രീ.