പോർട്ട് ഒഫ് സ്പെയിൻ: വെസ്റ്രിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടി ബാറ്രിംഗിനിറങ്ങിയ ഇന്ത്യ നായകൻ വിരാട് കൊഹ്‌ലിയുടെ സെഞ്ച്വറിയുടെ പിൻബലത്തിൽ നിശ്ചിത 50 ഓവറിൽ 7 വിക്കറ്ര് നഷ്ടത്തിൽ 279 റൺസെടുത്തു. കൊഹ്‌ലിയെക്കൂടാതെ അർദ്ധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യർക്ക് (71) മാത്രമേ
ഇന്ത്യൻ ബാറ്രിംഗ് നിരയിൽ തിളങ്ങാനായുള്ളൂ. 125 പന്തിൽ 14 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് കൊഹ്‌ലിയുടെ ഇന്നിംഗ്സ്. ഏകദിനത്തിൽ ഏറ്രവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ഇന്ത്യൻ താരം, ഏകദിനത്തിൽ വെസ്റ്രിൻഡീസിനെതിരെ ഏറ്രവും കൂടുതൽ റൺസ് നേടിയ താരം എന്നീ റെക്കാഡുകളും കൊഹ്‌ലി സ്വന്തമാക്കി. 68 പന്തിൽ 5 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് ശ്രേയസിന്റെ ഇന്നിംഗ്സ്.
ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ ശിഖർ ധവാനെ (2) കോട്ട്റൽ വിക്കറ്ര് മുന്നിൽ കുടുക്കി മടക്കി. ഇന്ത്യൻ അക്കൗണ്ടിൽ അപ്പോൾ രണ്ട് റൺസ് മാത്രമേയുണ്ടായിരുന്നുള്ളൂ. രോഹിത് ശർമ്മ (18), റിഷഭ് പന്ത് (20), കേദാർ ജാദവ് (16) എന്നിവരും നിരാശപ്പെടുത്തി. വെസ്റ്രിൻഡീസിനായി കാർലോസ് ബ്രാത്ത്‌വെയ്റ്ര് മൂന്ന് വിക്കറ്ര് വീഴ്ത്തി. കോട്ട്റൽ, ഹോൾഡർ, ചേസ് എന്നിവർ ഓരോ വിക്കറ്ര് വീതം നേടി.
മറുപടിക്കിറങ്ങിയ വെസ്റ്രിൻഡീസ് ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 10 ഓവറിൽ 1 വിക്കറ്ര് നഷ്ടത്തിൽ 41 റൺസെടുത്തിട്ടുണ്ട്. മുന്നൂറാം ഏകദിനത്തിനിറങ്ങിയ ക്രിസ് ഗെയ്‌ലിന്റെ വിക്കറ്റാണ് അവർക്ക് നഷ്ടമായത്. 24 പന്തിൽ 1 ഫോറുൾപ്പെടെ 11 റൺസെടുത്ത ഗെയ്‌ലിനെ ഭുവനേശ്വർ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. വ്യക്തിഗത സ്കോർ 7ൽ എത്തിയപ്പോൾ വിൻഡീസിനായി ഏകദിനത്തിൽ ഏറ്രവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കാഡ് ഗെയ്ൽ സ്വന്തമാക്കി.എവിൻ ലൂയിസും ഷായ് ഹോപ്പുമാണ് ക്രീസിൽ.
പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
ഏകദിന പരമ്പരയ്ക്ക് മുമ്പ് നടന്ന ട്വന്റി-20 പരമ്പര ഇന്ത്യ 3-0ത്തിന് സ്വന്തമാക്കിയിരുന്നു.