ഇസ്ലാമാബാദ്: ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര ശാഖയുമായ ആർ.എസ്.എസിനെ ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറിന്റെ 'നാസി' പാർട്ടിയോട് ഉപമിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. നാസി പാർട്ടിക്കാർ ആര്യൻ ആധിപത്യത്തിന് ശ്രമിച്ചത് പോലെ ആർ.എസ്.എസുകാർ ഇന്ത്യയിൽ ഹിന്ദു ആധിപത്യത്തിന് ശ്രമിക്കുകയാണെന്നും ഇമ്രാൻ ഖാൻ ആരോപിച്ചു. 'ഇന്ത്യൻ അധീന കാശ്മീരി'ന്റെ കാര്യത്തിൽ മാത്രമല്ല, രാജ്യം മുഴുവൻ ആർ.എസ്.എസുകാർ മുസ്ലീങ്ങളെ അടിച്ചമർത്താനാണ് പോകുന്നതെന്നും, ഒടുവിൽ അവർ പാകിസ്ഥാനെ ലക്‌ഷ്യം വയ്ക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ട്വിറ്റർ വഴിയാണ് ഇമ്രാൻ ഖാൻ ഇക്കാര്യം പറഞ്ഞത്.
I am afraid this RSS ideology of Hindu Supremacy, like the Nazi Aryan Supremacy, will not stop in IOK; instead it will lead to suppression of Muslims in India & eventually lead to targeting of Pakistan. The Hindu Supremacists version of Hitler's Lebensraum.
— Imran Khan (@ImranKhanPTI) August 11, 2019
'ഇന്ത്യൻ അധീന കാശ്‌മീർ' എന്നാണ് കാശ്മീരിനെ ഇമ്രാൻ ഖാൻ തന്റെ ട്വീറ്റിൽ വിശേഷിപ്പിച്ചത്. കാശ്മീരിൽ ഇപ്പോൾ നിലനിൽക്കുന്ന നിരോധനാജ്ഞ കാശ്മീരികളുടെ വംശഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും നാസികളിൽ നിന്നും കടം കൊണ്ട പ്രത്യയശാസ്ത്രം വച്ച് ആർ.എസ്.എസുകാർ നടത്തുന്ന പദ്ധതിയാണ് ഇപ്പോൾ കാശ്മീരിൽ നടക്കുന്നതെന്നും ഇമ്രാൻ പറഞ്ഞു. വംശീയ ശുദ്ധീകരണത്തിലൂടെ കാശ്മീരിന്റെ ജനത്തെ തന്നെ മാറ്റി മറിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ഇമ്രാൻ പറഞ്ഞു. ലോകം ഇത് കണ്ടു നിൽക്കുമോയെന്നും ഹിറ്റ്ലറിന് വിധേയപ്പെട്ടതുപോലെ അവർ വിധേയപ്പെടുമോ എന്നുള്ളതാണ് ചോദ്യമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞു.