flood

തിരുവനന്തപുരം: കേരളത്തിലാകെ പേമാരി തീവ്രമായി തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ കേരളത്തോടുള്ള അവഗണന കാട്ടാതെ അടിയന്തിര സഹായം നൽകണമെന്ന് കേരള കോൺഗ്രസ് (എം) തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. കൊട്ടാരക്കര പൊന്നച്ചൻ ആവശ്യപ്പെട്ടു. പ്രളയവും ഉരുൾപൊട്ടലും ഒട്ടേറെ മനുഷ്യജീവിതങ്ങൾ ഇല്ലാതാക്കിയ സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയം മറന്ന് കൂട്ടായ പ്രവർത്തനമാണ് വേണ്ടത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേയും സ്ഥിതി നിയന്ത്രണാതീതമാണ്. ഇപ്പോഴും വീണ്ടെടുക്കാനാകാതെ മനുഷ്യർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുവെന്നത് ഞെട്ടിക്കുന്നതാണ്. വാർത്താവിനിമയ മാർഗങ്ങളാകെ തകർന്ന് പുറം ലോകവുമായി ബന്ധപ്പെടാനാകാതെ വയനാട്ടിലേയും ഇടുക്കിയിലേയും പ്രദേശങ്ങൾ ഒറ്റപ്പെട്ടിരിക്കുകയാണ്.

പ്രളയത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിലെ കുടുംബങ്ങൾക്കും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കും സൗജന്യ റേഷനും വൈദ്യസഹായവുമെത്തിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അണക്കെട്ടുകൾ തുറക്കുന്നതിനു മുമ്പായി പൊതുജനങ്ങൾക്ക് കൃത്യമായ മുന്നറിയിപ്പുകൾ നൽകണം. മുൻ വർഷം സംഭവിച്ച പിഴവുകൾ ആവർത്തിക്കാതിക്കാൻ നിതാന്ത ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. മറ്റെല്ലാ ജോലികളും മാറ്റിവച്ചു കൊണ്ട് പ്രളയ ദുരിതത്തിൽപ്പെട്ടവരെ സഹായിക്കാൻ കേരള കോൺഗ്രസ് (എം) പ്രവർത്തകർ സജ്ജരാകണമെന്നും അഡ്വ.കൊട്ടാരക്കര പൊന്നച്ചൻ ആഹ്വാനം ചെയ്തു.