തിരുവനന്തപുരം: കേരളത്തെയാകെ മുക്കിയ ദുരിതപെയ്ത്തിന് ശമനമാകുന്നു. കേരളത്തിൽ നാളെ ഒരു ജില്ലയിലും ശക്തമായ മഴ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. സംസ്ഥാനത്തെങ്ങും നാളെ റെഡ് അലെർട്ടും ഇല്ല. എന്നാൽ ആറ് ജില്ലകളിൽ തിങ്കളാഴ്ച ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് എന്നിവിടങ്ങളിലാണ് നാളെ ഓറഞ്ച് അലെർട്ട്.
അതേസമയം, ആഗസ്റ്റ് 13ആം തീയതി ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലെർട്ട് ഉണ്ട്. ആഗസ്റ്റ് 14 ന് എറണാകുളം, ഇടുക്കി, പാലക്കാട് ,മലപ്പുറം എന്നിവിടങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായതോ, അതിശക്തമായതോ ആയ മഴയുണ്ടാകാനാണ് സാദ്ധ്യത.
കേരളത്തിന്റെ തീര പ്രദേശത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശമുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനാണ് സാദ്ധ്യത. 3 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരും എന്നുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രവും അറിയിച്ചു.