m-kelappan

കോഴിക്കോട്: മരണാനന്തര ചടങ്ങുകളെ കുറിച്ച് അന്തരിച്ച സി.പി.എം കോഴിക്കോട് ജില്ലാ മുൻ സെക്രട്ടറി എം. കേളപ്പൻ നൽകിയ നി‌‌ർദേശങ്ങൾ ച‌ർച്ചയാകുന്നു. താൻ എവിടെ നിന്ന് മരിച്ചാലും വീട്ടിൽ സംസ്കരിക്കണമെന്നും ശവമെടുക്കുമ്പോൾ വേണ്ടാത്ത അഭ്യാസമൊന്നും കാണിക്കരുത്, വിളക്ക് കത്തിക്കരുത്, കുളിപ്പിക്കാതെ സംസ്കരിക്കുന്നതാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും ജീവനറ്റ ശരീരം എന്തിന് കുളിപ്പിച്ച് വൃത്തിയാക്കുന്നതെന്നും എം. കേളപ്പന്‍ നി‌ർദേശത്തിൽ ചോദിക്കുന്നു.

ആന്തരികാവയവങ്ങളൊക്കെ കുറേശ്ശെ കേടുള്ളതു കൊണ്ടാണ് ദാനം ചെയ്യാത്തത്. കാഴ്ചയില്ലാത്ത കണ്ണുകൾ പോലും ഫലപ്രദമാവില്ലെന്ന് തോന്നുന്നു. കുഴിച്ചിട്ട സ്ഥലത്ത് ധാരാളം മാങ്ങയുണ്ടാവുന്ന ഒരു മാവോ അല്ലെങ്കിൽ നല്ലയിനം നെല്ലിമരമോ നട്ട് വളർത്തണമെന്നും നിർദേശത്തിൽ പറയുന്നു. ഇന്നലെ പുലർച്ചെ മൂന്നരക്ക് വടകര സഹകരണ ആശുപത്രിയിലാണ് എം.കേളപ്പൻ അന്തരിച്ചത്. ദീർഘകാലം കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു.

കുറിപ്പിലെ പ്രധാന നിർദ്ദേശങ്ങൾ

ഞാന്‍ എവിടെ വച്ച് മരിച്ചാലും വീട്ടില്‍ സംസ്കരിക്കണം, ദഹിപ്പിക്കരുത്, മണ്ണില്‍ കുഴിച്ചിട്ടാല്‍ മതി. കുളിപ്പിക്കാതെ സംസ്കരിക്കുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം. ജീവനറ്റ ശരീരം എന്തിന് കുളിപ്പിച്ച് വൃത്തിയാക്കുന്നു. മുറ്റത്ത് കിടത്തിയാല്‍ വിളക്ക് കത്തിക്കരുത്, ചന്ദനത്തിരി കത്തിക്കാം, അത് ദുര്‍ഗന്ധം ഒഴിവാക്കുമല്ലോ.

ശവമെടുക്കുമ്പോള്‍ വേണ്ടാത്ത അഭ്യാസമൊന്നും കാണിക്കരുത്. കുഴി ചുറ്റരുത്. ദഹിപ്പിക്കരുത് എന്ന് പറയുന്നത് മൃതശരീരം കത്തുന്ന ദുര്‍മണം എന്തിനാണ് മറ്റുള്ളവരെക്കൊണ്ട് ശ്വസിപ്പിക്കുന്നത് എന്ന അര്‍ത്ഥത്തിലാണ്. ആന്തരികാവയവങ്ങളൊക്കെ കുറേശ്ശെ കേടുള്ളതു കൊണ്ടാണ് ദാനം ചെയ്യാത്തത്. കാഴ്ചയില്ലാത്ത കണ്ണുകള്‍ പോലും ഫലപ്രദമാവില്ലെന്ന് തോന്നുന്നു.

കുഴിച്ചിട്ട സ്ഥലത്ത് ധാരാളം മാങ്ങയുണ്ടാവുന്ന ഒരു മാവോ അല്ലെങ്കില്‍ നല്ലയിനം നെല്ലിമരമോ നട്ട് വളര്‍ത്തണം. അതില്‍ ഫലങ്ങളുണ്ടായാല്‍ വില്‍ക്കരുത് കുട്ടികളും മറ്റും അത് ഭുജിക്കട്ടെ. ഒരു വിധ മരണാനന്തര ക്രിയകളും ഉണ്ടാവരുത്. നാല്‍പ്പത്തൊന്നും അന്‍പത്തൊന്നും ഒന്നും പാടില്ല. അന്ധവിശ്വാസത്തിന്‍റെയും അനാചാരത്തിന്‍റേയും ഒരു തരിമ്പ് പോലും ഉണ്ടാവരുത്.

m-kelappan