തിരുവനന്തപുരം: കേരളം ദുരിതത്തിൽ കിടക്കുമ്പോൾ നമ്മളെ കരകയറ്റാൻ നൗഷാദിനെ പോലുള്ളവർ വേണം. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഒന്നും കൊടുക്കേണ്ടെന്ന് പറയുന്നവർ തന്റെ തുണിക്കടയിലെ വസ്ത്രങ്ങൾ മുഴുവൻ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് നൽകിയ നൗഷാദിനെ കണ്ടുപഠിക്കണമെന്നാണ് മലയാളികൾ പറയുന്നത്.
ഇപ്പോഴിതാ നൗഷാദിന്റെ ആ വലിയ മനസിന് കൈയ്യടിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജയും രംഗത്തെത്തിയിരിക്കുകയാണ്. പെരുന്നാളാശംസകൾ നേർന്നുകൊണ്ട് മന്ത്രി ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് നൗഷാദിന്റെ വാക്കുകൾ മന്ത്രി പങ്കുവച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
"നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ."
-മട്ടാഞ്ചേരിയിലെ വഴിയോരക്കച്ചവടക്കാരൻ നൗഷാദ്
ഏവർക്കും പെരുന്നാൾ ആശംസകൾ
വയനാട്, നിലമ്പൂർ എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക് വസ്ത്രം ശേഖരിക്കാൻ എത്തിയ നടൻ രാജേഷ് ശർമ്മയും കൂട്ടരും എറണാംകുളം ബ്രോഡ്‌വേയിൽ കളക്ഷൻ ഇറങ്ങിയപ്പോഴാണ് നൗഷാദിനെ കാണുന്നത്. തങ്ങൾ വസ്ത്രമാണ് ശേഖരിക്കുന്നതെന്ന് പറഞ്ഞപ്പോൾ, ഒന്ന് തന്റെ കട വരെ വരുമോ എന്ന് നൗഷാദ് ചോദിച്ചു. അവിടെയെത്തിയ സംഘത്തിന് നൗഷാദ് വസ്ത്രങ്ങൾ എടുത്തുകൊടുത്തു.
ഇതൊക്കെ ചെയ്താൽ നൗഷാദിന് ലാഭം ലഭിക്കില്ലല്ലോ എന്നു ചോദിച്ചപ്പോൾ മനുഷ്യരെ സഹായിക്കുന്നതാണ് തന്റെ ലാഭം എന്ന് മറുപടി പറഞ്ഞു. 'നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ. നൗഷാദ് പറഞ്ഞു.