തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധനബോട്ട് മറിഞ്ഞ് രണ്ട് മത്സ്യതൊഴിലാളികൾ മരിച്ചു. അഞ്ചുതെങ്ങ് പൂത്തുറ തരിശുപറമ്പ് നിനോ ഹൗസിൽ റോക്കി ബെഞ്ചിനോസ് (57), അഞ്ചുതെങ്ങ് കുന്നും പുറത്ത് വീട്ടിൽ ലാസർ തോമസ്(54) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം അപകടത്തിൽപ്പെട്ട വിനോദ്, മോസസ്, ടെറി എന്നിവരെ മറ്റൊരുവള്ളത്തിലെ തൊഴിലാളികൾ രക്ഷപ്പെടുത്തി.
ഇന്ന് രാവിലെ മുതലപ്പൊഴി ഹാർബറിൽ നിന്ന് ഫൈബർ ബോട്ടിൽ മത്സ്യബന്ധനത്തിന് പോകുകയായിരുന്നു ഇവർ. മുതലപ്പൊഴിയിൽവച്ച് കൂറ്റൻ തിരയിൽപ്പെട്ട് ബോട്ട് മറിയുകയായിരുന്നു. വെള്ളത്തിൽ തെറിച്ചുവീണ ലാസർ നീന്തി കരയിലെത്തിയെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേ മരണപ്പെട്ടു. കരയിലേക്ക് നീന്തി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കടലിലെ പാറക്കൂട്ടത്തിൽപ്പെട്ടാണ് റോക്കി മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ചിറയിൻകീഴ് ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. താഴമ്പള്ളി കോസ്റ്റൽ പൊലീസ് കേസെടുത്തു. പരേതയായ ലീനയാണ് റോക്കിയുടെ ഭാര്യ.മക്കൾ:നിഥിൻ, നിനു. ടെൽമയാണ് ലാസറിന്റെ ഭാര്യ. ട്രീസ,ലിന്റ എന്നിവർ മക്കളും.