rain-kerala

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും പരക്കെ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഫലമായാണ് കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിദഗദ്ധർ നൽകുന്ന മുന്നറിയിപ്പ്. ന്യൂനമർദ്ദത്തിന്റെ ഫലമായി തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് തീരദേശ മേഖലകളിലും ശക്തമായ മഴയ്‌ക്ക് സാധ്യത കൽപ്പിക്കുന്നുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പ്രളയത്തിന് കാരണമായതുപോലെ അതിതീവ്രമഴ ഇക്കുറിയുണ്ടാവില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

നിലവിൽ സംസ്ഥാനത്ത് മഴ കുറഞ്ഞു നിൽക്കുകയാണ്. മഴയുടെ തീവ്രത കുറഞ്ഞതോടെ സൈന്യത്തിന്റെ സഹായത്തോടെ ഊർജ്ജിതമാക്കിയ രക്ഷാപ്രർത്തനത്തിൽ ഇന്നലെ വിവിധ ദുരന്ത മേഖലകളിൽ 19 മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ കനത്ത മഴയിലും ഉരുൾപൊട്ടലിലും മരണം 76 ആയി. കൊടിയ ദുരന്തം സംഭവിച്ച നിലമ്പൂർ കവളപ്പാറയിൽ ഇന്നലെ നാല് ജഡങ്ങൾ കൂടി കണ്ടെത്തി. മൊത്തം 13 മൃതദേഹങ്ങളാണ് ഇവിടെ കിട്ടിയത്. ഇനിയും അൻപതിലധികം പേർ മണ്ണിനടിയിൽ ഉണ്ടെന്നാണ് കരുതുന്നത്. വയനാട് പുത്തുമലയിൽ10 മൃതദേഹങ്ങളും കണ്ടെത്തി.എട്ടു പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. മഴ മാറിയതോടെ രണ്ടിടത്തും തിരച്ചിൽ ഊർജ്ജിതമാക്കി. സംസ്ഥാനത്താകെ 1551 ദുരിതാശ്വാസ ക്യാമ്പുകളിലായി 65,548 കുടുംബങ്ങളിലെ 2,27,333 പേരാണുള്ളത്.