crime

വിജയവാഡ: ഭാര്യയെ തല അറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസിൽ കീഴടങ്ങി. ആന്ധ്രാപ്രദേശിലെ സത്യനരായണപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രദീപ് കുമാർ എന്ന യുവാവാണ് തന്റെ ഭാര്യയായ മണിക്രാന്തി (23)യുടെ തല അറുത്ത് കൊലപ്പെടുത്തിയത്. പിന്നീട് ഇയാൾ തലയും കത്തിയുമെടുത്ത് റോഡിലൂടെ നടന്നു. തലയറുത്തെടുത്ത ശേഷം മൃതദേഹം അടുത്തുള്ള കനാലിൽ തള്ളി.

ഒരു കൈയിൽ ഭാര്യയുടെ തലയും മറുകൈയിൽ കത്തിയുമായി തെരുവിലൂടെ നടന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുറച്ചു ദൂരം നടന്ന ശേഷം ഇയാൾ തല മറ്റൊരു കനാലിലേക്ക് വലിച്ചെറിഞ്ഞു. സംഭവത്തിൽ കേസെടുത്ത പൊലീസ് യുവതിയുടെ തലയ്ക്കായി കനാലിൽ തിരച്ചിൽ തുടരുകയാണ്. മണിക്രാന്തിയുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. അഞ്ചു വർഷം മുമ്പ് ഇരുവരും പ്രണയിച്ചു വിവാഹം കഴിച്ചതാണ്. മിക്കപ്പോഴും ഇവർ തമ്മിൽ വഴക്കടിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു.

മാസങ്ങൾക്ക് മുമ്പ് ഗാർഹിക പീഡനം നേരിടുന്നെന്ന് ചൂണ്ടിക്കാണിച്ച് മണിക്രാന്തി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദീപിനെ പൊലീസിൽ അറസ്റ്റ് ചെയ്തിരുന്നു. അടുത്താണ് ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയത്.