കവളപ്പാറ: ഡിസംബറിൽ പെങ്ങളുടെ വിവാഹമാണ്, ഒരുക്കങ്ങൾക്കായി നാട്ടിലെത്തണം. എല്ലാം മനോഹരമായി നടത്തണം. ബംഗാളിലെ സൈനിക കേന്ദ്രത്തിൽ നിന്നും അവധിയെടുത്ത് നാട്ടിലെത്തിയ വിഷ്ണുവിന്റെ സ്വപ്നമായിരുന്നു ഇത്. എന്നാൽ വിഷ്ണുവിന്റെ കുടുംബത്തെ തേടിയെത്തിയത് കവളപ്പാറയിലെ ഉരുൾപ്പൊട്ടലിന്റെ രൂപത്തിൽ എത്തിയ ദുരന്തമായിരുന്നു. വിവാഹപന്തൽ ഒരുങ്ങേണ്ട വീട് ഇപ്പോൾ മണൽകൂമ്പാരത്തിന് അടിയിലാണ്.
കുടുംബത്തോടൊപ്പം സന്തോഷിക്കാൻ എത്തിയ വിഷ്ണുവും പെങ്ങൾ ജിഷ്നയും പിതാവ് വിജയനും അമ്മ വിശ്വേശ്വരിയും ഇന്നില്ല. വിളിക്കാതെ വീട്ടിലേക്ക് ഇടിഞ്ഞിറങ്ങിയ മണ്ണിനൊപ്പം അവരും യാത്രയായി. ഇവരെ ആരെയും ഇതുവരെ കണ്ടെത്താനായില്ല. വ്യാഴാഴ്ച സംഭവിച്ച ഉരുൾപ്പൊട്ടലിൽ ആ കുടുംബത്തിൽ വിഷ്ണുവിന്റെ സഹോദരൻ ജിഷ്ണു മാത്രമാണ് ഇപ്പോൾ ഉള്ളത്. അപകടം നടക്കുന്ന സമയത്ത് ജിഷ്ണു വീട്ടിൽ ഉണ്ടായിരുന്നില്ല.
33 ആർമി കോറിൽ ബംഗാളിലെ സിലിഗുരിയിൽ ജോലിചെയ്യുന്ന വിഷ്ണു കഴിഞ്ഞ ആഴ്ചയാണ് അവധിയിൽ നാട്ടിലെത്തിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ രാത്രി ഭക്ഷണം കഴിക്കാൻ വീട്ടിൽപ്പോയ വിഷ്ണുവിനെ കൂട്ടുകാർ പിന്നീട് കണ്ടിട്ടില്ല.