കാസർകോട്: കാഞ്ഞങ്ങാട് അരയിൽപ്പുഴയിൽ മുങ്ങിയ കാർ കരയിലെത്തിച്ചു. എന്നാൽ വണ്ടിയിലുണ്ടായിരുന്ന 20 പവൻ സ്വർണ്ണവും പതിനായിരം രൂപയും ഒഴുകിപ്പോയി. ചായ്യോത്ത് സ്വദേശിയായ അബ്ദുൾ സമദും ഭാര്യ നജ്മുന്നിസയും സഞ്ചരിച്ച കാർ കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് മുങ്ങിയത്.
നാട്ടുകാരുടെയും രക്ഷാപ്രവർത്തകരുടേയും സമയോചിമായ ഇടപെടൽകൊണ്ടാണ് അബ്ദുൾ സമദും ഭാര്യയും രക്ഷപ്പെട്ടത്. പണം കാറിന്റെ ഗിയറിനടുത്തുള്ള ബോക്‌സിലും സ്വർണ്ണം പിൻസീറ്റിലെ ലേഡീസ് ബാഗിലുമായിരുന്നു. കാറിന്റെ ഡോറുകൾ തുറന്ന നിലയിലായിരുന്നു.
നീന്തൽതാരവും തീരദേശ സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറുമായ എ.ഡി.പി സെയിഫുദ്ദിന്റെ നേതൃത്വത്തിലാണ് വണ്ടി പുറത്തെടുത്തത്. കാറിന്റെ മുൻവശത്തെ രണ്ട് ടയറിലും വടം കെട്ടിയശേഷം സെയിഫുദ്ദീനും ടീമും കാറിന്റെ പിൻസീറ്റിൽ കയറുകയായിരുന്നു. മുൻഭാഗം ഉയരുകയും നാട്ടുകാർ കരയിലേക്ക് വലിച്ച് കയറ്റുകയുമായിരുന്നു.