കോട്ടയം: ഒരു വർഷം മുമ്പ് നാടിനെ മുക്കി താഴ്ത്തിയ പ്രളയദുരിതത്തിൽ നിന്ന് കരകയറും മുമ്പേ വീണ്ടുമെത്തിയ പ്രളയം എല്ലാം തകർത്തെറിഞ്ഞ കഥയാണ് ചുറ്റുവട്ടത്തുള്ളവർക്ക് പറയാനുള്ളത്. 'ഇവിടെ ഒന്നും തന്നില്ല, ഇവിടെ ഒന്നും കിട്ടിയില്ല 'എന്ന അനുഭവകഥയായിരുന്നു കഴിഞ്ഞ വർഷത്തെ പ്രളയത്തിന്റെ ബാക്കിപത്രമായി പലർക്കും പറയാനുണ്ടായിരുന്നത്. വീടുകൾ നഷ്ടപ്പെട്ടതിന്റെയും കൃഷി നശിച്ചതിന്റെയും കദനകഥകൾ പറയുന്ന പലർക്കും സർക്കാർ ധനസഹായം ഇനിയും കിട്ടിയിട്ടില്ല. അതേ സമയം വെള്ളം വീട്ടിൽ കയറിയതിന്റെ പേരിൽ പതിനായിരത്തിന്റെ ആദ്യ ഗഡു കിട്ടിയ സമ്പന്നന്മാരും നിരവധിയാണ്.
ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശിച്ച പരിസ്ഥിതി ലോല പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും വീണ്ടുമുണ്ടായത്. വനഭൂമി കൈയേറിയവരെ വരെ വോട്ടു ബാങ്കായി കണ്ട് സംരക്ഷിക്കാൻ ഇടതും വലതും ഒന്നിച്ചപ്പോൾ ഗാഡ്ഗിൽ കമ്മിഷൻ റിപ്പോർട്ട് ചവറ്റു കൊട്ടയിലായി. ഗാഡ്ഗിലിനെ വെട്ടാൻ കൊണ്ടു വന്ന കസ്തൂരിരംഗനും പരിസ്ഥിതി പ്രദേശങ്ങളുടെ പ്രാധാന്യം ഉയർത്തിപ്പിടിച്ചപ്പോൾ കസ്തൂരി രംഗനും അനഭിമതനായി. പിന്നെ ഉമ്മൻ വി. ഉമ്മനെ കൊണ്ടു വന്നതോടെയാണ് കൊടിയുടെ നിറ വ്യത്യാസമില്ലാതെ വേണ്ടപ്പെട്ടവർക്ക് ആവശ്യമായ രീതിയിലുള്ള റിപ്പോർട്ടായത്. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ എണ്ണം അതോടെ കുറഞ്ഞു. പാറമടകൾ എവിടെയും പ്രവർത്തിക്കാം, ഏതു മലയും കാടും വെട്ടി നിരത്താം, എവിടെയും റിസോർട്ടു പണിയാം എന്നു വന്നതോടെ പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെ ജെ.സി.ബിയും ടോറസും ടിപ്പറും നിരന്തരം ഉരുണ്ടു ഭൂമി ഇളക്കി മറിച്ചു.
എല്ലാം തകർത്തെറിഞ്ഞ് വീണ്ടും ഒരു പ്രളയം വന്നതോടെ ചിലർ ഗാഡ്ഗിലിനെ വിളിക്കൂ കേരളത്തെ രക്ഷിക്കൂ എന്ന് പറഞ്ഞു തുടങ്ങിയിട്ടുണ്ട്. മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നതാണ് പ്രകൃതി ദുരന്തങ്ങൾക്ക് പ്രധാന കാരണം. ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ മാത്രമാണ് ഇതേക്കുറിച്ച് പലരും ചിന്തിക്കുന്നത്. വയനാട്ടിൽ ഉരുൾപൊട്ടി നൂറ് ഏക്കർ പ്രദേശം മണ്ണു മൂടിയത് അവിടെ റബർ കൃഷിക്ക് ഭൂമിയൊരുക്കുന്നതിന് ജെ.സി.ബി കയറ്റിയതാണെന്നും തങ്ങൾ എതിർത്തിരുന്നുവെന്നും നാട്ടുകാരിൽ പലരും പറയുന്നുണ്ട്. ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിനുള്ള അശാസ്ത്രീയ വികസനമായിരുന്നു വയനാട്ടിലെ വലിയ ദുരന്തത്തിന് കാരണം.
കോട്ടയം ജില്ല ഭൂപ്രകൃതി അനുസരിച്ച് കിഴക്ക് മലയും പടിഞ്ഞാറ് കായലുമുള്ള പ്രദേശമാണ് . മലയിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം കായലിലൂടെ കടലിൽ എത്തുന്നതിനാൽ കോട്ടയത്ത് പണ്ട് പ്രളയമോ വലിയ ഉരുൾ പൊട്ടലോ ഉണ്ടായിരുന്നില്ല. ഇന്ന് സ്ഥിതിയാകെ മാറി . വെള്ളം പരന്നൊഴുകാനുള്ള ഇടമില്ലാതായി. പാലാ നഗരം വരെ പെട്ടെന്ന് വെള്ളത്തിൽ മുങ്ങുന്നു. കോട്ടയം നഗരത്തിന്റെ സമീപ പ്രദേശങ്ങളിൽ വരെ ദിവസങ്ങളോളം വെള്ളമിറങ്ങാതെ നിൽക്കുന്നു. ഇതിന് പിറകേ സ്വകാര്യ ആശുപത്രികൾക്ക് തിന്നു കൊഴുക്കാനായി എലിപ്പനി, ഡങ്കിപ്പനിയടക്കം പനികളുടെ ഘോഷയാത്രയും തുടങ്ങും. വർഷാവർഷം ജനങ്ങളെ ദുരിതത്തിലാക്കുന്ന 'ഈ സ്ഥിരം കലാപരിപാടിക്ക് ' ഇനി എന്നെങ്കിലും മാറ്റമുണ്ടാകുമോ എന്നാണ് നാട്ടുകാർക്ക് ബന്ധപ്പെട്ടവരോട് ചോദിക്കാനുള്ളത്.