keralaflood

വെള്ളപ്പൊക്കത്തിനു ശേഷം ആളുകൾ വീട്ടിലേയ്ക്ക് തിരിച്ച് ചെല്ലുമ്പോൾ ജലം ശുദ്ധീകരിക്കാനും വിടുകൾ അണുവിമുക്തമാക്കുവാനും ഏറ്റവും നല്ല മാർഗ്ഗമായ ക്ലോറിനേഷൻ നടത്തുന്നവിധം ചുവടെ വിവരിക്കുന്നു.
കിണറിലെ വെള്ളം ശുദ്ധീകരിക്കുന്ന രീതി.

1, കിണറ്റിലെ വെള്ളത്തിന്റെ അളവ് ആദ്യം കണക്കാക്കുക.സാധാരണ ക്ലോറിനേഷൻ നടത്താൻ 1000 ലിറ്ററിന് 2.5 ഗ്രാം ബ്ലീച്ചിംഗ് പൗഡർ ആണ് ആവശ്യം വരുക. എന്നാൽ വെള്ളപ്പൊക്കത്തിന് ശേഷം വെള്ളം അതീവ മലിനമായിരിക്കുന്നതിനാൽ സൂപ്പർ ക്ലോറിനേഷൻ നടത്തേണ്ടതുണ്ട്. ഇതിനായി 1000 ലിറ്ററിന് 5 ഗ്രാം (ഏകദേശം 1 ടീസ്പൂൺ കൂമ്പാരമായി) ബ്ലീച്ചിംഗ് പൗഡർ ആണ് ആവശ്യം.

2, വെള്ളത്തിന്റെ അളവ് വെച്ച് ആവശ്യമുള്ള ബ്ലീച്ചിംഗ് പൗഡർ പ്ലാസ്റ്റിക് ബക്കറ്റിൽ എടുത്ത് അല്പം വെള്ളം ചേർത്ത് കുഴമ്പ് പരുവത്തിലാക്കുക. നന്നായി കുഴമ്പായ ശേഷം ബക്കറ്റിന്റെ മുക്കാൽ ഭാഗം വെള്ളെമൊഴിച്ച് ഇളക്കുക. ശേഷം ബക്കറ്റ് 10 മിനിട്ട് അനക്കാതെ വെയ്ക്കുക. 10 മിനിട്ട് കഴിയുമ്പോൾ ചുണ്ണാമ്പ് അടിയിൽ അടിയുകയും മുകളിൽ തെളിഞ്ഞ വെള്ളം കോരുന്ന ബക്കറ്റിലേയ്ക്ക് ഒഴിച്ച ശേഷം കിണറ്റിന്റെ ഏറ്റവും അടിയിലേയ്ക്ക് ഇറക്കി പൊക്കുകയും താഴ്ത്തുകയും ചെയ്ത് വെള്ളത്തിൽ ക്ലോറിൻ ലായനി നന്നായി കലർത്തുക. ഒരു മണിക്കൂറിന് ശേഷം കിണറ്റിലെ വെള്ളം ഉപയോഗിച്ച് തുടങ്ങാം.

വീടിന്റെ തറയും പരിസരവും വൃത്തിയാക്കുന്ന രീതി

# 6 ടീസ്പൂൺ ബ്ലീച്ചിംഗ് പൗഡർ എടുത്ത് കുഴമ്പ് പരുവത്തിലാക്കുക. അതിനുശേഷം അതിലേയ്ക്ക് 1 ലിറ്റർ വെള്ളം ചേർത്ത് 10 മിനിട്ട് വെച്ച ശേഷം അതിന്റെ തെളിയെടുത്ത് വേണം തറ തുടയ്ക്കുവാനും പരിസരത്ത് ഒഴിക്കുവാനും. കൂടുതൽ ആവശ്യമെങ്കിൽ ലിറ്ററിന് 6 ടീസ്പൂൺ എന്നാണ് കണക്ക്.

# നിലം തുടച്ച ശേഷം / വീട്ടുപരിസരത്ത് ക്ലോറിൻ ലായനി ഒഴിച്ചശേഷം ചുരുങ്ങിയത് 2030 മിനിട്ട് സമ്പർക്കം ലഭിച്ചാൽ മാത്രമേ അണുനശീകരണം കൃത്യമായി നടക്കുകയുള്ളൂ. അതിനാൽ, അത്രയും സമയം വരെ തറ തുടയ്ക്കുവാനോ വെള്ളമൊഴിക്കുവാനോ പാടില്ല.

# അരമണിക്കൂറിനുശേഷം മണമുള്ള ലായനികളുപയോഗിച്ച് തറവൃത്തിയാക്കി ക്ലോറിൻ മണം മാറ്റാം.

വെള്ളപ്പൊക്കത്തിൽ ചത്തൊടുങ്ങിയ മൃഗങ്ങളുടെയും മറ്റ് ജന്തുക്കളുടെയും ശവശരീരങ്ങൾ സംസ്‌ക്കരിക്കുന്ന വിധം

വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശങ്ങളിൽ നിരവധി മൃഗങ്ങളുടെയും മറ്റ് ജന്തുക്കളുടെയും ശവശരീരങ്ങൾ ഉണ്ടാകാം. ഇവ അടിയന്തിരമായും സുരക്ഷിതമായും നിർമ്മാർജ്ജനം ചെയ്യുന്നതിന് സ്ഥലത്തിന്റെ പ്രത്യേകതയ്ക്കും സംവിധാനങ്ങളുടെ ലഭ്യതയ്ക്കുമനുസരിച്ച് താഴെപ്പറയുന്ന ഏതുവിധേനയും സംസ്‌ക്കരിക്കാവുന്നതാണ്.


# കണ്ടെത്തുന്ന മൃഗങ്ങളുടെ മൃതശരീരങ്ങൾ ഏറ്റവും അടുത്ത് ലഭ്യമായ പ്രദേശത്ത് തന്നെ സുരക്ഷിതമായി സംസ്‌ക്കരിക്കേണ്ടതാണ്. ഇതിനായുള്ള സ്ഥലം കണ്ടെത്തുന്നതിന് മൃഗസംരക്ഷണ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജെ.സി.ബി. ഉപയോഗപ്പെടുത്തി മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തുന്ന സ്ഥലത്ത് മൃഗങ്ങളുടെ മൃതശരീരം എത്തിച്ച് താഴെപ്പറയുന്ന രീതിയിൽ നിർമ്മാർജ്ജനം ചെയ്യേണ്ടതാണ്.


# ഉറപ്പുള്ള മണ്ണാണെങ്കിൽ ജലസ്രോതസ്സിൽനിന്നും 10 മീറ്റർ മാറി ലഭ്യമായ സ്ഥലത്ത് 5 മുതൽ 6 അടി വരെ താഴ്ചയിൽ കുഴിയെടുത്ത് അതിൽ കരിയില വിതറി അതിനുമുകളിൽ മൃഗങ്ങളുടെ മൃതശരീരങ്ങൾ വെച്ച് മണ്ണിട്ട് മൂടുകയും നായ്ക്കൾ മാന്താതിരിക്കാൻ ഇഷ്ടിക അടുക്കി സംരക്ഷിക്കണ്ടതാണ്. നീറ്റ് കക്ക ലഭ്യമാണെങ്കിൽ അത് പൊതിഞ്ഞ് മൃതശരീരം മൂടേണ്ടതാണ്.


# കുഴിയെടുക്കുവാൻ ബുദ്ധിമുട്ടുള്ള ഇടമാണെങ്കിൽ തൊണ്ട്, കരിയില ഇവ വിതറി മൃതശരീരം വെച്ച് തൊണ്ടും ചിരട്ടയുമുപയോഗിച്ച് ചിതയൊരുക്കി കത്തിച്ച് സംസ്‌ക്കരിക്കാവുന്നതാണ്.


# മൊബൈൽ വാതക ശ്മശാനമോ, മൊബൈൽ ഇൻസിനറേറ്ററുകളോ ലഭ്യമാണെങ്കിൽ അവ ഉപയോഗപ്പെടുത്തി കൂടുതൽ ഇന്ധനം ഉപയോഗപ്പെടുത്തി സംസ്‌ക്കരിക്കേണ്ടതാണ്.


# ഈർപ്പമുള്ള മണ്ണാണെങ്കിൽ ജലസ്രോതസ്സിൽ നിന്നും 10 മീറ്റർ മാറി ഇഷ്ടിക ഉപയോഗിച്ചോ മണ്ണ് ഉപയോഗിച്ചോ തറ നിരപ്പിൽ നിന്നും 50 സെ.മീറ്റർ ഉയർന്ന പ്ലാറ്റ്‌ഫോം നിർമ്മിച്ച് മൃതശരീരം അതിൽ വെച്ച് ലഭ്യമാണെങ്കിൽ കരിയിലെ നീറ്റ്കക്ക ഇവയിൽ പൊതിഞ്ഞ് മണ്ണിട്ട് മൂടേണ്ടതാണ്. മൺക്കൂമ്പാരം നായ്ക്കൾ മാന്താതിരിക്കാൻ കല്ലുകൾ വെച്ച് സംരക്ഷിക്കേണ്ടതാണ്.

# കണ്ടെത്തുന്ന മൃഗങ്ങളുടെ മൃതശരീരങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്നതിന് അടുത്തെങ്ങും സുരക്ഷിതമായ സ്ഥലം ലഭ്യമല്ലെങ്കിൽ പൊതുസ്ഥലമോ സർക്കാർ വക വെള്ളക്കെട്ടില്ലാത്ത സ്ഥലമോ കണ്ടെത്തേണ്ടതാണ്. ഇതിനായി മൃസംരക്ഷണ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുള്ളതും വകുപ്പിന്റെ ഏറ്റവും അടുത്തുള്ള ഓഫീസിൽ ബന്ധപ്പെടേണ്ടതുമാണ്.