wayanad

ബത്തേരി: കനത്ത മഴയെ തുടർന്ന് വെള്ളത്തിൽ മുങ്ങിയിരുന്ന വയനാട്ടിലെ പൊൻകുഴി ശ്രീരാമക്ഷേത്രം വൃത്തിയാക്കി നൽകി മുസ്ലീം യൂത്ത് ലീഗ് പ്രവർത്തകർ. ക്ഷേത്രത്തിന്റെ ശ്രീകോവിലും ഉപക്ഷേത്രങ്ങളും മറ്റു കെട്ടിടങ്ങളുമെല്ലാം വെള്ളത്തിനടിയിലായിരുന്നു. തുടർന്ന് വെള്ളമിറങ്ങിയതോടെ ക്ഷേത്രം വൃത്തിയാക്കാൻ മുസ്ലീം ലീഗിന്റെ വൈറ്റ് ഗാർഡ് പ്രവർത്തകർ ഭാരവാഹികളെ സമീപിക്കുകയായിരുന്നു. ഭാരവാഹികൾ അനുവദിച്ചതോടെ ഞായറാഴ്ച രാവിലെ ബത്തേരിയിലെയും നൂൽപ്പുഴയിലെയും 30 അംഗ സന്നദ്ധസേവകർ രംഗത്തിറങ്ങി. ചെളിമൂടിക്കിടന്ന ക്ഷേത്രവും പരിസരവും പ്രവർത്തകർ വൃത്തിയാക്കി.

വയനാട്ടിലെ പൊൻകുഴിപ്പുഴ കരകവിഞ്ഞൊഴുകിയാണ് ക്ഷേത്രവും പരിസരവും വെള്ളത്തിൽ മുങ്ങിയത്. പുഴയിൽനിന്ന് ഒഴുകിയെത്തിയ മരത്തടികളും മാലിന്യവുമെല്ലാം മണിക്കൂറുകളുടെ ശ്രമഫലമായാണ് നീക്കംചെയ്യാനായത്. ഇതിനുശേഷം കെട്ടിടങ്ങളെല്ലാം കഴുകി വൃത്തിയാക്കി. വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് ക്ഷേത്രത്തിന്റെ മതിൽക്കെട്ടും തകർന്നിട്ടുണ്ട്. പൊൻകുഴിപ്പുഴ കരകവിഞ്ഞതിനെ തുടർന്ന് കോഴിക്കോട്-കൊല്ലഗൽ ദേശീയ പാതയിലെ ഗതാഗതം മൂന്ന് ദിവസമായി നിലച്ചിരുന്നു.

ശുചീകരണ പ്രവൃത്തികൾ പൂർത്തിയായതിനെ തുടർന്ന് ക്ഷേത്രത്തിലെ നിത്യപൂജ ഇന്ന് വീണ്ടും പുനരാരംഭിക്കും. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സി.കെ. ഹാരീഫ്, വൈറ്റ് ഗാർഡ് ജില്ലാ ക്യാപ്ടൻ ഹാരീഫ് ബനാന, നിയോജകമണ്ഡലം ക്യാപ്ടൻ സി.കെ. മുസ്തഫ, സമദ് കണ്ണിയൻ, അസീസ് വേങ്ങൂർ, നിസാം കല്ലൂർ, റിയാസ് കല്ലുവയൽ, ഇർഷാദ് നായ്‌ക്കട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്ഷേത്രം ശുചീകരിച്ചത്.