ന്യൂഡൽഹി: ഉപരാഷ്‌ട്രപതിയാകാൻ തനിക്ക് ഒട്ടും തന്നെ താൽപര്യമുണ്ടായിരുന്നില്ലെന്ന് വെങ്കയ്യ നായിഡു. ഉപരാഷ്ട്രപതിസ്ഥാനത്തേക്ക് താൻ മറ്റുചിലരുടെ പേര് നിർദേശിച്ചു. എന്നാൽ, എല്ലാവരും നിർദേശിച്ചത് തന്റെ പേരായിരുന്നു. എല്ലാവരും നിർദേശിച്ചത് തന്റെ പേരാണെന്ന് പാർട്ടിയുടെ പാർലമെന്ററി ബോർഡ് യോഗത്തിനുശേഷം അദ്ധ്യക്ഷൻ അമിത് ഷാ അറിയിച്ചു. അതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഉപരാഷ്ടപത്രിയാകുന്നതോടെ അടുത്തദിവസംമുതൽ പാർട്ടി ഓഫീസിൽ പോകാൻ സാധിക്കില്ലെന്ന് ഓർത്തപ്പോൾ കണ്ണുനിറഞ്ഞുപോയെന്നും വെങ്കയ്യ വ്യക്തമാക്കി. ഉപരാഷ്ട്രപതിയായുള്ള രണ്ടുവർഷത്തെ അനുഭവങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പുസ്‌തകത്തിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസ്ഥാനം നഷ്ടമാകുമെന്നതല്ല തന്നെ ദുഃഖിപ്പിച്ചത്. ഇനിമുതൽ ബി.ജെ.പി. ഓഫിസിൽ പോകാനും പാർട്ടി പ്രവർത്തകരെ കാണാനും സംസാരിക്കാനും സാധിക്കില്ലല്ലോയെന്ന് ഓർത്തായിരുന്നു സങ്കടം. ആദ്യ മോദി സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതോടെ മന്ത്രിസ്ഥാനം ഉപേക്ഷിക്കാനും പിന്നീട് നാനാജി ദേശ്‌മുഖിനെപ്പോലെ സാമൂഹികരംഗത്ത് പ്രവർത്തിക്കാനുമായിരുന്നു താൽപര്യം. ഇത് പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.
പ്രധാനമന്ത്രി സ്ഥാനം ഒഴികെ മറ്റെല്ലാം പാർട്ടി നൽകി. പ്രധാനമന്ത്രി സ്ഥാനത്തിന് താൻ യോഗ്യനല്ല. തന്റെ കഴിവിനെക്കുറിച്ച് തനിക്ക് നന്നായി അറിയാമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.