bakrid

പ്രളയദുരിതക്കയങ്ങൾക്കിടെ കേരളത്തിൽ ഇന്ന് ബലിപെരുന്നാൾ. ഇത്തവണ വലിയ പെരുന്നാൾ എന്നത് ആഘോഷത്തേക്കാൾ ഉപരി ഒത്തൊരുമയുടെയും, ഒന്നിച്ചു നിൽക്കലിന്റെയും സമയം കൂടിയാവുകയാണ്. മലബാറിലെ ഭൂരിഭാഗം പേർക്കും ഇക്കുറി പെരുന്നാൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. പലയിടത്തും പള്ളികളിൽ വെള്ളം കയറിയതിനാൽ പെരുന്നാൾ നിസ്കാരവും ബുദ്ധിമുട്ടിലാണ്.

എന്നാൽ,​ ആഘോഷം മറന്ന് ഏവരും സഹായമെത്തിക്കാനുള്ള ശ്രമത്തിലാണ്. വിപണന കേന്ദ്രങ്ങളിലും പെരുന്നാളിന്റെ തിരക്കില്ല. ഇത്തവണ ദുരിതാശ്വാസ ക്യാപുകളും ഈദ് ഗാഹുകളായി. ത്യാഗസ്മരണകൾ പുതുക്കിയാണ് പെരുന്നാൾ ദിനത്തിൽ ബലികർമം നടത്തുന്നത്. പള്ളികളിലും പ്രത്യേകം തയാറാക്കിയ ഈദ് ഗാഹുകളിലും രാവിലെ പെരുന്നാൾ നമസ്കാരവും പ്രത്യേക ഖുതുബ (പ്രസംഗം) യും നടക്കും. തുടർന്ന് പരസ്പരം ആശംസകൾ കൈമാറി പെരുന്നാൾ പരസ്പര സ്നേഹത്തിന്റെ ആഘോഷമാക്കും.

പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ ജാതനായ ഇസ്മായേലിനെ ദൈവകല്പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. ഈദുൽ അദ്ഹ, ഹജ്ജ് പെരുന്നാൾ, ബക്രീദ് എന്നീ പേരുകളിലും അറിയപ്പെടുന്നു. ഹജ്ജിന്റെ പരിസമാപ്തി കൂടിയാണ് ബക്രീദ്. ഈദുഗാഹുകളിലും പള്ളികളിലുമായി പെരുന്നാൾ നമസ്‌കാരം നടത്തി ബലിയും പൂർത്തീകരിക്കുകയാണ് പതിവ്.

സംസ്ഥാന വ്യാപകമായുള്ള മഴക്കെടുതിയുടെ പശ്ചാത്തലത്തൽ ആഘോഷം സേവനത്തിന് വഴിമാറണമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവി ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഉൾപ്പെടെ ദക്ഷിണ കേരളത്തിൽ ഏതാനും സ്ഥലങ്ങളിൽ ഈദ്ഗാഹുകളിൽ തന്നെ പെരുന്നാൾ നമസ്‌കാരം നടന്നു. പ്രളയം ബാധിക്കാത്തിടത്തുള്ള പള്ളികളിൽ ഒത്ത്ചേർന്ന് ദുരന്തത്തിന് ഇരയായവർക്ക് വേണ്ടി പ്രാർത്ഥിക്കാനാണ് ഇത്തവണ പെരുന്നാൾ ദിനം. ഒപ്പം പ്രളയദുരിതം നേരിടുന്നവർക്ക് പരമാവധി സഹായമെത്തിക്കാനും.