kashmir

കൊൽക്കത്ത: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെയുണ്ടായ ജമ്മുകാശ്മീരിലെ സ്ഥിതിഗതികൾ സാധാരണഗതിയിലായാൽ സംസ്ഥാനത്ത് നിക്ഷേപം നടത്താനും ബിസിനസ് ബന്ധം സ്ഥാപിക്കാനും തയ്യാറാണെന്ന് ജപ്പാനീസ് അംബാസിഡർ കെഞ്ചി ഹിരമത്സു അറിയിച്ചു. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ആദ്യമായി വന്ന നിക്ഷേപ വാഗ്ദ്ധാനമാണിത്. ബംഗാൾ ചേംബർ ഒഫ് കൊമേഴ്സ് കൊൽക്കത്തയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ജപ്പാൻ അംബാസിഡർ ഇക്കാര്യം അറിയിച്ചത്.

'ഇന്ത്യയുമായി നല്ല വ്യാപാര ബന്ധമാണ് ജപ്പാനുള്ളത്. ഇന്ത്യയുടെ ഏത് ഭാഗത്തും വ്യാപാരം നടത്താനുള്ള സാദ്ധ്യതകൾ ഞങ്ങളുടെ മുന്നിലുണ്ട്. കാശ്മീരിലെ സ്ഥിതിഗതികൾ സാധാരണരീതിയിലായാൽ ഇതുമായി മുന്നോട്ടു പോകും. ഇത് എങ്ങനെ പ്രാവർത്തികമാകുമെന്ന് നമുക്ക് നോക്കാം. ഈ അവസരത്തിൽ കൂടുതൽ ഒന്നും പറയാനാവില്ല'- ജപ്പാൻ അംബാസിഡർ പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുളള സാമ്പത്തിക ബന്ധവും പ്രതിരോധ സുരക്ഷാ സഹകരണവും എക്കാലത്തെയും മെച്ചപ്പെട്ട തലത്തിലാണ്. 2014ൽ 1,156 ജപ്പാനീസ് കമ്പനികൾ ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴത് 1,441 ആയി ഉയർന്നു. ജപ്പാൻ സർക്കാരിന്റെ കണക്ക് പ്രകാരം ഇന്ത്യയിൽ നിന്ന് ജപ്പാനിലേക്കുള്ള വ്യാപാരം 2018ൽ 585 ബില്യൺ യെൻ ആയിരുന്നു. എന്നാൽ ജപ്പാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വ്യാപാരം 1236 ബില്യൺ യെൻ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.