reliance-jio

ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് ഉപഭോക്താക്കൾക്ക് വൻ ഓഫറുകളുമായി മുകേഷ് അംബാനി ജിയോ ജിഗാ ഫൈബറിന്റെ പ്രഖ്യാപനം നടത്തിയത്. ഇതോടെ 2015ൽ ടെലികോം സേവന രംഗത്ത് ജിയോയുടെ പ്രഖ്യാപനത്തിലൂടെ ഏകാധിപത്യത്തിന് തുടക്കം കുറിച്ചത് പോലെ ടെലിവിഷൻ രംഗത്തും റിലയൻസ് പിടിമുറുക്കും എന്നുള്ള സൂചനകളാണ് പുറത്ത് വരുന്നത്. ജിഗാ ഫൈബറിന്റെ ഒരു വർഷത്തെ പ്ലാൻ എടുക്കുന്നവർക്ക് എച്ച്.ഡി ടിവിയോ, പി.സി കമ്പ്യൂട്ടറോ സൗജന്യമായി നൽകുമെന്നാണ് അംബാനിയുടെ വാഗ്‌ദാനം.

ഇതിനോടൊപ്പം 4 കെ സെറ്റോപ്പ് ബോക്‌സും പൂർണമായും സൗജന്യമായി ലഭിക്കും. ഗെയിമിങ്ങിനുള്ള സൗകര്യവും ഈ സെറ്റോപ്പ് ബോക്സിലുണ്ട്. മാത്രമല്ല, തങ്ങളുടെ ഈ പുതിയ പദ്ധതിയിലൂടെ ഡി.ടി.എച്ചുകളെ വെല്ലുന്ന സേവനം നൽകാനാകുമെന്നും അംബാനി ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതുകൂടാതെ പുതിയതായി റിലീസാകുന്ന സിനിമകൾ വീട്ടിലിരുന്ന് കാണാവുന്ന സേവനവും ജിയോ നൽകാൻ തുടങ്ങുകയാണ്. ഇത് പ്രാവർത്തികമാക്കാനായി 11 തവണ ഭൂമിയെ ചുറ്റി വരാനുള്ള ഫൈബർ ശൃംഖലയാണ് രാജ്യത്താകമാനം റിലയൻസ് ഇട്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഫൈബർ നെറ്റ്വർക്ക് ആണിത്.

2016ൽ ടെലികോം രംഗത്ത് ഏകാധിപത്യം ഉറപ്പിക്കാനുള്ള റിലയൻസിന്റെ ശ്രമങ്ങൾക്ക് തടയിടാൻ മറ്റ് സർവീസ് പ്രൊവൈഡേഴ്‌സായ എയർടെൽ, വൊഡാഫോൺ, ഐഡിയ എന്നിവർ പരാതിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയെ(ട്രായ്) സമീപിച്ചിരുന്നു. ടെലികോം വാണിജ്യ നിയമങ്ങൾക്ക് വിധേയമായല്ല ജിയോ നിരക്കുകൾ നൽകുന്നത് എന്നായിരുന്നു ഈ കമ്പനികളുടെ പരാതി. ഇത് സംബന്ധിച്ച് ട്രായും ടെലികോം കമ്പനികളുമായി ചർച്ചകൾ നടന്നിരുന്നു. ചർച്ചകളിലൂടെ ഒടുവിൽ ടെലികോം കമ്പനികൾ ഒത്തുതീർപ്പിലെത്തുകയായിരുന്നു.