red-112

എം.എൽ.എ ശേഖര കിടാവ് തുടർന്നു:

''എന്റെ പൊളിറ്റിക്കൽ കരിയറിൽ ഏറ്റവുമധികം കരിനിഴൽ വീഴ്‌ത്തിയിട്ടുള്ളത് നീയാണ്. അമ്യൂസ്‌മെന്റ് പാർക്ക് കോടികൾ മുടക്കി ഉണ്ടായിട്ട് ഒരു വർഷത്തിൽ കൂടുതൽ പ്രവർത്തിപ്പിക്കാൻ സാധിച്ചോ ?"

സുരേഷ് കിടാവ് മിണ്ടിയില്ല. നോട്ടം മാറ്റി.

''നിന്റെ കുത്തഴിഞ്ഞ ജീവിതത്തിൽ ഉണ്ടാക്കിയ ശത്രുക്കൾ തന്നെയാണ് പരിസ്ഥിതി പ്രശ്നത്തിന്റെ പേരുപറഞ്ഞ് ആദ്യം സമരത്തിനിറങ്ങിയത്. തൊട്ടരുകിൽ ഒരു ഉരുൾപൊട്ടൽ ഉണ്ടായതോടുകൂടി എല്ലാ പഴികളും പാർക്കിനായി."

''ഉരുൾ പൊട്ടിയത് എന്റെ കുറ്റം കൊണ്ടാണോ?"

സുരേഷ് വീറോടെ ചോദിച്ചു.

''എന്നു ഞാൻ പറഞ്ഞില്ലല്ലോ. പറഞ്ഞുവന്ന കൂട്ടത്തിൽ സൂചിപ്പിച്ചെന്നു മാത്രം."

കിടാവ് കസേരയിൽ പിന്നോട്ടു ചാരിയിരുന്ന് ഇടം കാലിനു മേൽ വലതുകാൽ കയറ്റിവച്ചു.

''ഇപ്പോൾ ഞാൻ എന്തുവേണമെന്നാ അച്ഛൻ പറയുന്നത്?"

സുരേഷിന് അസ്വസ്ഥത പെരുകി.

''ഇനിയുള്ള കാലം നിനക്ക് പഴയ കൂട്ടുകെട്ടൊന്നും പാടില്ല. തൽക്കാലം ആരോടും വഴക്കിടാനോ വാഗ്വാദത്തിനോ പോകാൻ പാടില്ല. ഒരു തരത്തിൽ പറഞ്ഞാൽ അജ്ഞാതവാസം."

കിടാവ് ഒന്നുനിർത്തി. മകന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി. സുരേഷിന് അതൊന്നും ഇഷ്ടമായില്ലെന്നു വ്യക്തം.

കിടാവ് വിശദീകരിച്ചു:

''നമ്മുടെ നാട്ടിലെ ജനങ്ങളല്ലേ? കുറച്ചു കഴിയുമ്പോൾ എല്ലാം സ്വയം മറക്കും. മീഡിയകൾക്കും ന്യൂസുകൾ മാറിമാറി കിട്ടിക്കൊണ്ടിരിക്കുമ്പോൾ അവരും ഒക്കെ വിടും. വരുന്ന ഒരു തിരഞ്ഞെടുപ്പുകൂടി കഴിയുമ്പോൾ നിലമ്പൂർ മണ്ഡലത്തിൽ എനിക്കു പകരം നീ മത്സരിക്കും."

ആ വാചകം കേട്ടപ്പോൾ സുരേഷ് കിടാവിന്റെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം വെട്ടി.

കിടാവ് പറയുകയാണ്:

''ഈ രാജ്യത്ത് ആർക്കും ഒന്നിനെയും പേടിക്കാതെ ജീവിക്കാവുന്ന ഒറ്റ ബിസിനസേയുള്ളു. പൊളിറ്റിക്സ് ! കൂടെ നടക്കുന്ന പണിയില്ലാത്ത തെണ്ടികളുടെ അണ്ണാക്കിലേക്ക് വല്ലപ്പോഴും ഇറച്ചിക്കഷണങ്ങൾ എറിഞ്ഞുകൊടുക്കണം. കൊല്ലാനും ചാവാനും നമ്മളെ പൊതിഞ്ഞു പിടിക്കാനും അവന്മാരുണ്ടാകും.

ഇതിനൊക്കെ ഇടയിൽ നമ്മൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മുടെ കുടുംബമാണ്. നമ്മൾ എന്തൊക്കെ കൊള്ളരുതായ്മകൾ കാണിച്ചാലും ഭാര്യയും മക്കളും ഒപ്പമുണ്ടെങ്കിൽ ഒന്നിനെയും ഭയപ്പെടാനില്ല."

സുരേഷ് ചിന്തിച്ചുകൊണ്ട് തലയാട്ടി.

''എന്താ നിന്റെ അഭിപ്രായം? അത് എന്തായാലും ഇപ്പോൾ എനിക്കറിയണം."

ശ്രീനിവാസ കിടാവ് ഒരു സിഗററ്റ് എടുത്ത് ചുണ്ടുകൾക്കിടയിൽ തിരുകി. ലൈറ്ററിന്റെ നാളത്തിൽ തീ പകർന്നു.

''പക്ഷേ ഹേമലതയും കുഞ്ഞുങ്ങളും..."

സുരേഷ് ഒന്നു പതറി.

''ലതയോട് ഞാൻ സംസാരിച്ചുകൊള്ളാം. അവൾക്ക് കാര്യം പറഞ്ഞാൽ മനസ്സിലാകും. പിന്നെ നീ ശ്രദ്ധിക്കണം. നീ ജീവിക്കുന്നത് അവൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടിയാണ് എന്നൊരു വിശ്വാസം അവളിൽ ഉണ്ടാക്കിയെടുക്കണം."

സുരേഷ് കിടാവ് അത് സമ്മതിച്ചു.

''അപ്പോൾ ഞാൻ ഇവിടെ നിന്നു മാറി നിൽക്കണോ?"

''ഈ വീട്ടിൽ നിന്നു മാത്രം. പകരം എല്ലാ സൗകര്യങ്ങളുമുള്ള, ആരും കൊതിക്കുന്ന ഒരു സ്ഥലം ഞാൻ നിനക്കായി നോക്കി വച്ചിട്ടുണ്ട്. നിന്റെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം ഫൈനൽ തീരുമാനത്തിൽ എത്താമെന്നു കരുതി. ഒരുപാട് ഞാൻ കൊതിച്ചിട്ടുള്ളതുകൂടിയാണ് ആ സ്ഥലം."

ശ്രീനിവാസ കിടാവ് ചിരിച്ചു.

''എവിടെയാണച്ഛാ അത്?"

സുരേഷിന് ആകാംക്ഷയായി.

'' ഈ നിലമ്പൂരിൽത്തന്നെ. ആഢ്യൻപാറയ്ക്കടുത്ത് വടക്കേ കോവിലകം!"

''ങ്‌ഹേ.. അതോ..."

സുരേഷിന്റെ കണ്ണുകൾ മിഴിഞ്ഞുപോയി:

''അകലെ നിന്ന് ഞാൻ അത് കണ്ടിട്ടുണ്ട്. എന്താ പ്രൗഢി? ശരിക്കും കൊട്ടാരം തന്നെ."

''അപ്പോൾ എല്ലാം പറഞ്ഞതു പോലെ. ഞാൻ ഇന്നുതന്നെ ഹേമലതയെ കാണും."

സിഗററ്റുകുറ്റി ആഷ്ട്രേയിൽ കുത്തിയണച്ച് ശ്രീനിവാസകിടാവ് എഴുന്നേറ്റു.

വാതിൽവരെ സുരേഷും അച്ഛന്റെയൊപ്പം ചെന്നു.

സന്ധ്യ.

വടക്കേ കോവിലകത്തിന്റെ പൂമുഖത്തിനു മുന്നിൽ ശ്രീനിവാസ കിടാവിന്റെ ബൻസ് കാർ ബ്രേക്കിട്ടു.

ശബ്ദം കേട്ട് പുറത്തേക്കു വന്ന പ്രജീഷ് ആദരവോടെ അയാളെ സ്വീകരിച്ചു.

''വരണം സാർ." അയാൾ കിടാവിന്റെ കരം കവർന്നു.

ഇരുവരും അകത്തേക്കു പോയി.

ചന്ദ്രകല മുറിയിൽ നിന്നു പുറത്തുവന്നു.

തളത്തിലെ വില കൂടിയ കസേരകളിൽ മൂവരും ഇരുന്നു.

''മുഖവുര കൂടാതെ കാര്യം പറയാം. എല്ലാം ഒത്തുവരികയാണെങ്കിൽ അടുത്തയാഴ്ച രജിസ്ട്രേഷൻ."

ചന്ദ്രകലയ്ക്കും പ്രജീഷിനും ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു.

എന്നാൽ ചന്ദ്രകല മറ്റൊന്നു കണ്ടു. പാഞ്ചാലി ഉപയോഗിച്ചിരുന്ന മുറിയുടെ വാതിൽക്കൽ ഒരു കറുത്ത രൂപം... നിഴൽ പോലെ...!

(തുടരും)