പ്രളയവും ഉരുൾപൊട്ടലും മടപൊട്ടിച്ചെറിഞ്ഞ മനസുമായി അവർ വീടുകളിലേക്ക് മടങ്ങിയെത്തുകയാണ്. ഒരു വൻമല അടർന്നെത്തി പ്രിയപ്പെട്ടവരെ ജീവനോടെ മൂടിക്കളഞ്ഞ മണ്ണിൽ ചിതറിപ്പോയ മനസുകൾ. ഏകാന്തതയുടെ മുനമ്പിൽ ഒറ്റപ്പെട്ടു പോയവർ. വരാനിരിക്കുന്ന ഓരോ മഴക്കാലവും വൻ ദുരന്തങ്ങളുമായി അലറിപ്പാഞ്ഞെത്തുമോ എന്ന ഭയപ്പാടിലാണ് ദുരന്തമേഖലകളിലെ മനുഷ്യർ. പലരിലും തീവ്രവിഷാദം കൂടുകൂട്ടിക്കഴിഞ്ഞു. കഴിഞ്ഞ പ്രളയകാലത്തിന്റെ പരിക്കുകൾ പൊറുക്കാത്തവരുമുണ്ട് ഇക്കൂട്ടത്തിൽ. കഴിഞ്ഞ മഹാപ്രളയത്തിൽ സകലതും നഷ്‌ടപ്പെട്ടവർക്കു മേലാണ് വീണ്ടുമൊരു വൻദുരന്തം വന്നു പതിച്ചത്. ഇനിയൊരു ദുരന്തം അവർക്ക് താങ്ങാനാവില്ല. ഇനി നമ്മൾ ദുരന്തങ്ങളെ അതിജീവിക്കുകയല്ല, പ്രതിരോധിക്കുക തന്നെ ചെയ്യും എന്ന, അധികാരികളുടെ ഉറപ്പിനു മാത്രമേ തകർന്ന മനസുകളെ പുനരധിവസിപ്പിക്കാനാവൂ
അശാന്തികളിൽ നിന്നും പറന്നകലുന്നവന് ചേക്കേറാനുള്ള ആശ്വാസത്തിന്റെ ചില്ലയാണ് വീട്. പലർക്കും ഒരു ജന്മത്തിന്റെ ആകെത്തുകയും വീടുതന്നെ. നൂറുകണക്കിന് വീടുകൾ തകർത്തെറിഞ്ഞ പ്രളയവും ഉരുൾപൊട്ടലും അവയെ അഭയമാക്കിയവരുടെ മനസാണ് വേരോടെ പറിച്ചെറിഞ്ഞത്.
വീട് നഷ്‌ടപ്പെട്ട് , ജീവനുവേണ്ടി പൊതുഇടങ്ങളിലേക്ക് ഓടിക്കയവർ, ഒറ്റപ്പെട്ടുപോയ വീടുകളിൽ നിന്ന് സഹായത്തിനായി കേഴേണ്ടി വന്നവർ, ഭക്ഷണം പോലും കിട്ടാതെ മഴ നനഞ്ഞ് രക്ഷാപ്രവർത്തകരുടെ വരവും കാത്തുനിന്നവർ, ഇവരിൽ കിടപ്പുരോഗികളും ഗർഭിണികളും നവജാത ശിശുക്കളുമുണ്ടായിരുന്നു. പുനരധിവാസം ഉറപ്പാക്കുന്നതിനൊപ്പം ഇവരുടെ മനസിന്റെ പുനർനിർമ്മാണവും പ്രസക്തമാണ്. ഇവരിലൊരാളും ഇനിയുള്ള കാലം നഷ്‌ടങ്ങളുടെ വ്യഥ പേറി ജീവിക്കേണ്ടി വരരുത് . ലഹരിയിൽ അഭയം തേടിയും ആത്മഹത്യകൊണ്ട് വിരാമം കുറിച്ചും ഇനിയുള്ള ജീവിതം കെടുത്തിക്കളയാൻ പ്രേരിപ്പിക്കുന്ന തരത്തിലാകരുത് അധികാരികളുടെ ഇടപെടൽ.
ഈ പ്രളയകാലത്തും ഇത്രയധികം ആളുകൾ ആശ്വാസപ്രവർത്തനങ്ങളുമായി ഒത്തുകൂടിയത് സമൂഹത്തിൽ നിന്നും നന്മ വറ്റിയിട്ടില്ല എന്നതിന്റെ തെളിവാണ്. ഈ ഉദാഹരണം ചൂണ്ടിക്കാട്ടിക്കൊണ്ടു തന്നെ നമുക്ക് പിഞ്ഞിപ്പോയ മനസുകളെ തുന്നിച്ചേർക്കാം.
സാമൂഹ്യപ്രവർത്തകർക്കൊപ്പം, പ്രളയത്താൽ ബാധിക്കപ്പെടാത്തവരും പ്രളയത്തെ മനക്കരുത്ത് കൊണ്ട് നേരിട്ടവരും ഈ യജ്ഞത്തിൽ പങ്കാളികളാകുക. സാമൂഹ്യസംഘടനകൾ മനസുകളുടെ പുനരധിവാസ പ്രവർത്തനത്തിൽ സജീവ പങ്കാളിത്തം വഹിക്കുകയും വേണം. ദുരന്തമേഖലകളിൽ ആളുകളുടെ മാനസിക പുനരധിവാസം ഉറപ്പാക്കാനായി സർക്കാർ ഇതിനോടകം ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. ഇത് അഭിനന്ദനാർഹമാണ്.
വേണം മാനസിക പുനർനിർമാണം ( ഡോ. സി.ജെ. ജോൺ, മാനസികാരോഗ്യ വിദഗ്ദ്ധൻ)
ദുരന്തം നേരിട്ടവർക്ക് പുനരധിവാസം ഉറപ്പാക്കുന്നതിനൊപ്പം തന്നെ പ്രധാനമാണ് മാനസികാരോഗ്യം ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങളും. ദുരന്തം നേരിൽ കണ്ടതിന്റെ ആഘാതവും സമ്പാദ്യം മുഴുവൻ നഷ്‌ടമായതും മനസുകളെ പിടിച്ചുലയ്‌ക്കും. എല്ലാവരും തങ്ങളുടെ സുഖസൗകര്യങ്ങളും സമ്പാദ്യവും സമാഹരിക്കുന്ന ഇടമാണ് വീട്. അത് നഷ്‌ടപ്പെടുന്നത് പ്രിയപ്പെട്ടവരുടെ മരണം പോലെ തീവ്രദു:ഖം സമ്മാനിക്കും.
ദുരന്തത്തിന്റെ ഓർമ്മകളും ഉണ്ടായ നഷ്‌ടങ്ങളും ആളുകളുടെ ഉറക്കം നഷ്‌ടപ്പെടുത്തുകയും പലരെയും വിഷാദത്തിലേക്ക് നയിക്കുകയും ചെയ്യും. ആത്മവിശ്വാസം നഷ്‌ടപ്പെടുക, നഷ്‌ടങ്ങളെ ഓർത്തുള്ള നിസഹായത, ഉറക്കമില്ലായ്‌മ, ചെറുശബ്‌ദം കേൾക്കുമ്പോൾ പോലുമുള്ള ഞെട്ടൽ, നിയന്ത്രിക്കാനാവാത്ത ആധി, അകാരണമായ ദേഷ്യം എന്നിവയെല്ലാം ദുരന്തത്തിന്റെ ഇരകളിൽ കണ്ടെന്നുവരാം.
പ്രതിസന്ധി അതിജീവിക്കാൻ ചെയ്യേണ്ടത്
ദുരന്തത്തെ അതിജീവിച്ചവരുടെ വിഷമങ്ങൾ കേൾക്കാനും ആശ്വസിപ്പിക്കാനും പ്രത്യാശ നൽകാനും സന്നദ്ധരായ ആളുകളുടെ കൂട്ടായ്‌മയിലൂടെ മാനസികാരോഗ്യ പ്രഥമ ശുശ്രൂഷ ഉറപ്പാക്കുക. ഇതിന് മാനസികാരോഗ്യ വിദഗ്ധരുടെയും കൗൺസിലർമാരുടെയും സാമൂഹ്യപ്രവർത്തകരുടെയും സഹായം തേടാം.
നിങ്ങൾ ഒറ്റയ്‌ക്കല്ല, സമൂഹം ഒപ്പമുണ്ടെന്ന ബോധം ഊട്ടിയുറപ്പിക്കണം. തിരിച്ചുവരവിനുള്ള പ്രത്യാശ പകരേണ്ടത് സമൂഹത്തിന്റെ കടമയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ പോലെ മാനസിക വിഷമതകളെ അതിജീവിക്കാനും സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുക.
പ്രാർത്ഥന, ധ്യാനം തുടങ്ങി മുൻകാലങ്ങളിൽ പ്രതിസന്ധികളെ അതിജീവിക്കാൻ സഹായിച്ച ഘടകങ്ങളെ ശക്തമായി തന്നെ തിരിച്ചുപിടിക്കുക.
ലഹരി വിഷാദം അകറ്റും എന്ന് കരുതരുത്.
സാമൂഹ്യവും സാമ്പത്തികവുമായ പുനരധിവാസം എന്നത് പ്രധാനപ്പെട്ട ഔഷധമാണ്. ഇതുകൂടി ചേർന്നാൽ മാത്രമേ മാനസികാരോഗ്യം വീണ്ടെടുക്കാനാകൂ. അതിജീവനത്തിന്റെ പാഠങ്ങൾ പകർന്നു കൊടുക്കുക.
വിഷമങ്ങൾ തുറന്നു പറയുന്നതാണ് ഉത്തമം. ഇത് ദുരന്തബാധിതരെ ബോദ്ധ്യപ്പെടുത്തുക.
സ്വയം കുറ്റപ്പെടുത്തുകയോ ലഹരിയിലേക്ക് ചേക്കേറുകയോ അരുതെന്ന് വിലക്കുക.
മനസിന്റെ ശാന്തതയും ശരീരത്തിന്റെ ആരോഗ്യവും നിലനിറുത്താൻ ദുരന്തബാധിതർക്ക് പ്രചോദനം നൽകുക.
ആത്മഹത്യ ജീവിതത്തെ രക്ഷിക്കില്ല. അതിജീവനം ജീവിതത്തെ സുന്ദരവും ദൃഢവുമാക്കും.
ഒറ്റപ്പെട്ടിരിക്കരുത്. ആളുകളുമായി ഇടപഴകണം.
സാമൂഹ്യ സംഘടനകളും പ്രവർത്തകരും മാത്രമല്ല, പ്രളയത്തെയും ഉരുൾപൊട്ടലിനെയും ധൈര്യപൂർവം അതിജീവിച്ചവരും മാനസികാരോഗ്യം വീണ്ടെടുക്കാൻ ദുഃഖിതരെ സഹായിക്കണം.