എരുമപ്പെട്ടി: ചിറ്റണ്ട മനപ്പടി വനത്തിൽ ഭൂമിക്കടിയിൽ നിന്നും വലിയ മുഴക്കവും വെള്ളം തിളയ്ക്കുന്ന ശബ്ദവും അനുഭവപ്പെടുന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ഭൂമിക്കടിയിലെ പാറയിടുക്കിലൂടെ വെള്ളം ഒഴുകുന്ന ശബ്ദമാണിതെന്ന് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കണ്ടെത്തി. രാവിലെ ആടിനെ തീറ്റാൻ വനത്തിൽ പോയ വാഴയില വളപ്പിൽ വീട്ടിൽ തങ്കയാണ് ഭൂമിക്കടിയിൽ വെള്ളം ഒഴുകുന്ന തരത്തിൽ ശബ്ദം കേട്ടത്.
പരിഭ്രാന്തിയിലായ ഇവർ നാട്ടുകാരെയും പഞ്ചായത്ത് മെമ്പർ സി.കെ. രാജനെയും വിവരമറിയിച്ചു. തുടർന്ന് വില്ലേജ് ഓഫീസർ കെ.എസ്. റഹ്മത്തും, പൂങ്ങോട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തൃശൂർ ജിയോളജിസ്റ്റ് എം.സി. കിഷോറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഭൂമിക്കടിയിലെ പാറകൾക്കിടയിലൂടെ വെള്ളം കടന്നുപോകുന്നതിന്റെ ശബ്ദമാണിതെന്ന് മനസിലാക്കി. ഉരുൾപൊട്ടലിന് സാദ്ധ്യതയില്ലെന്ന് ജിയോളജിസ്റ്റ് പറഞ്ഞു.
എന്നാൽ ശക്തമായി മഴ തുടർന്നാൽ കുന്നിൻ പ്രദേശമായതിനാൽ മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്നും സമീപത്തുള്ളവർ മാറി താമസിക്കണമെന്നും ജിയോളിജിസ്റ്റ് അഭിപ്രായപ്പെട്ടു. എന്നാൽ ആശങ്കയൊഴിയാത്ത നാട്ടുകാർ പരിഭ്രാന്തിയിലാണ്.