ശ്രീനഗർ: ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ സർവീസ് നടത്തുന്ന സംഝോത, താർ എക്സ്‌പ്രസ് ട്രെയിനുകളുടെ സർവീസ് നിറുത്തിവച്ചതിന് പിന്നാലെ ഡൽഹി - ലാഹോർ ബസ് സർവീസ് ഇന്ത്യ റദ്ദാക്കി.
ലാഹോർ- ഡൽഹി സൗഹൃദ ബസ് സർവീസ് നിറുത്തിവച്ചതായി പാകിസ്ഥാൻ അറിയിച്ചതിനെ തുടർന്നാണ് ഇന്ത്യയും ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്ന് ഡൽഹി ട്രാൻസ്‌പോർട്ട് കോർപറേഷൻ അധികൃതർ അറിയിച്ചു.
ഡൽഹിയിൽ നിന്നു ലാഹോറിലേക്കുള്ള ബസ് ഇന്നലെ രാവിലെ ആറിന് പുറപ്പെടേണ്ടതായിരുന്നു. എന്നാൽ ഇന്ത്യയിലേക്കുള്ള ബസ് സർവീസ് താത്കാലികമായി നിറുത്തിവച്ചതായി പാകിസ്ഥാൻ ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ ഫോണിലൂടെ അറിയിച്ചതിനെ തുടർന്ന് അനിശ്ചിതകാലത്തേക്ക് ഡൽഹിയിൽ നിന്നു ലാഹോറിലേക്കുള്ള ബസ് സർവീസ് നിറുത്തിവച്ചതായി ഡി.ടി.സി പ്രസ്താവനയിറക്കി.
തിങ്കളാഴ്ച മുതൽ ഡൽഹി - ലാഹോർ സൗഹൃദ ബസ് സർവീസും നിറുത്തലാക്കുമെന്ന് മുതിർന്ന പാക് മന്ത്രി ശനിയാഴ്ച പ്രസ്താവിച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് 2 യാത്രക്കാരുമായി ലാഹോറിലേക്കുള്ള അവസാന ബസ് ഡൽഹിയിൽ നിന്നു പുറപ്പെട്ടത്. 19 യാത്രക്കാരുമായി ലാഹോറിൽ നിന്നുള്ള ബസ് ശനിയാഴ്ച വൈകിട്ടോടെ എത്തിയിരുന്നു. ഞായറാഴ്ച ബസ് സർവീസ് മുടക്കമാണ്.
കാശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശമാക്കി വിഭജിക്കാൻ ഇന്ത്യ തീരുമാനിച്ചതോടെ പാകിസ്ഥാൻ ഇന്ത്യയുമായുള്ള നയതന്ത്രസഹകരണം വെട്ടിച്ചുരുക്കി. ഇതിന്റെ ഭാഗമായി ഇന്ത്യയുമായുള്ള വ്യാപാരബന്ധവും പാകിസ്ഥാൻ അവസാനിപ്പിച്ചിരുന്നു.
1999 ഫെബ്രുവരിയിലാണ് ഡൽഹി - ലാഹോർ സൗഹൃദ ബസ് സർവീസ് ആരംഭിക്കുന്നത്.
2001ലെ പാർലമെന്റ് ആക്രമണത്തെ തുടർന്ന് സർവീസ് നിറുത്തി
2003ൽ പുനരാരംഭിച്ചു
പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യ-പാക് ബന്ധം വഷളായതോടെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ഡി.ടി.സിയുടെ ബസ് സർവീസ്.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് പാകിസ്ഥാൻ ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ സർവീസ് നടത്തിയിരുന്നത്