cricket

ഹോവ്: ത്രിരാഷ്ട്ര അണ്ടർ 19 ഏകദിന ടൂർണമെന്റിൽ ഇന്ത്യ ചാമ്പ്യൻമാരായി. ഇന്നലെ നടന്ന ഫൈനലിൽ ബംഗ്ലാദേശിനെ 6 വിക്കറ്റിന് കീഴടക്കിയാണ് 8 പന്ത് ബാക്കി നിൽക്കെ ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ 261 റൺസിന് ആൾഔട്ടായി. മറുപടിക്കിറങ്ങിയ ഇന്ത്യ 48.4 ഓവറിൽ 4 വിക്കറ്ര് നഷ്ടത്തിൽ വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു ( 264/4 ).

ബംഗ്ലാദേശുയർത്തിയ ഭേദപ്പെട്ട വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാരായ യശ്വസി ജയ്‌സ്വാളും (50), ദിവ്യാൻഷ് സക്സേനയും (55) മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 104 റൺസ് കൂട്ടിച്ചേർത്തു. മൂന്നാമനായിറങ്ങിയ പ്രിയം ഗൗർഗ് 66 പന്തിൽ 4 ഫോറും 2 സിക്സും ഉൾപ്പെടെ 73 റൺസുമായി ക്യാപ്ടന്റെ ഇന്നിംഗ്സ് കാഴ്ചവച്ചു. വിക്കറ്റ് കീപ്പർ ധ്രുവ് ജുറെൽ (പുറത്താകാതെ 59) അർദ്ധ സെഞ്ച്വറിയുമായി ഇന്ത്യയെ വിജയതീരത്തെത്തിച്ചു. 16 റൺസുമായി തിലക് വർമയും പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി റാകിബുൾ ഹസൻ രണ്ട് വിക്കറ്റ് വീഴ്ത്തി.നേരത്തേ സെഞ്ച്വറിയുമായി പൊരുതിയ മഹമ്മുദുൾ ഹസ്സൻ ജോയിയുടെ (109) തകർപ്പൻ സെഞ്ച്വറി ഇന്നിംഗാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ഓപ്പണർ പർവേസ് ഹസൻ ഇമോൺ (60) അർദ്ധ സെഞ്ച്വറി നേടി. ഇന്ത്യയ്ക്കായി കാർത്തിക് ത്യാഗി, സുഷാന്ത് മിശ്ര എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.