madhav-gadgil
Madhav Gadgil

മുംബയ്: വലിയ ക്വാറികൾക്ക് പോലും നിർബാധം ലൈസൻസ് നൽകുന്നത് തുടർന്നുകൊണ്ട് സംസ്ഥാന സർക്കാർ പശ്ചിമഘട്ട സംരക്ഷണത്തിൽ വരുത്തിയ വീഴ്ചയാണ് കേരളത്തിൽ വീണ്ടും പ്രളയമുണ്ടാകാൻ കാരണമെന്ന് പശ്ചിമഘട്ടത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ ഗാഡ്ഗിൽ അഭിപ്രായപ്പെട്ടു.

കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാരിന് തെറ്റുപറ്റി. ഒരു ചെറിയ വിഭാഗത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിനായി പൊതുജനങ്ങളുടെയും പരിസ്ഥിതിയുടെയും ഭാവിയെക്കുറിച്ച് സർക്കാർ മറന്നു. പരിസ്ഥിതി സംരക്ഷണത്തിന് പുതിയ നിയമങ്ങളല്ല വേണ്ടത്, മറിച്ച് ഉള്ള നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു കൂടുതൽ അധികാരം നൽകി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാൻ ശ്രമിക്കണം. കേരളത്തിൽ കഴിഞ്ഞ പ്രളയ കാലത്തു സംഭവിച്ചതിന് സമാനമായ സാഹചര്യമാണ് മഹാരാഷ്ട്ര, കർണാടക അതിർത്തിയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

ഗാഡ്ഗിൽ അന്ന് പ്രവചിച്ചത്

''പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നതു വലിയ ദുരന്തമാണ്. അതിനു നിങ്ങൾ വിചാരിക്കുംപോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വർഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണു കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങൾക്കു തന്നെ മനസിലാകും.''

2011 ആഗസ്റ്റ് 31ന് കേന്ദ്ര സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ച ശേഷം ഗാഡ്ഗിൽ പറഞ്ഞ വാക്കുകൾ.