ന്യൂഡൽഹി: മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ മരുമകൻ രതുൽ പുരിയുടെ 300 കോടി വിലവരുന്ന ഡൽഹിയിലെ ബംഗ്ലാവും 4000 കോടി ഡോളറിന്റെ (ഏതാണ്ട് 2.8 ലക്ഷം കോടി രൂപ) വിദേശ നിക്ഷേപവും ആദായനികുതി വകുപ്പ് കണ്ടുകെട്ടി.
അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാട് കേസുകളിൽ അന്വേഷണം നേരിടുകയാണ് രതുൽപുരി. ഇദ്ദേഹത്തിന്റെയും അച്ഛൻ ദീപക് പുരിയുടെയും ഉടമസ്ഥതയിലുള്ള മോസർ ബെയർ ഗ്രൂപ്പിന്റെ ഡൽഹി അബ്ദുൾ കലാം റോഡിലുള്ള ബംഗ്ലാവാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. ബിനാമി നിയമപ്രകാരമാണ് 4000 കോടി ഡോളറിന്റെ വിദേശനിക്ഷേപം താത്കാലികമായി കണ്ടുകെട്ടിയത്.
ഹിന്ദുസ്ഥാൻ പവർ പ്രൊജക്ടസ് കമ്പനിയുടെ ചെയർമാനായ രാതുൽ പുരി നികുതിവെട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കലിനും ആദായനികുതി വകുപ്പിന്റെയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും (ഇ.ഡി.) അന്വേഷണം നേരിട്ടുവരികയായിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ ആദായനികുതി ഉദ്യോഗസ്ഥർ രതുൽ പുരിയുടെ കമ്പനികളിൽ റെയ്ഡ് നടത്തി 1,350 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയിരുന്നു. രതുലിന്റെ 254 കോടിയുടെ 'ബിനാമി' ഓഹരികളും കണ്ടുകെട്ടിയിരുന്നു. കോപ്ടർ ഇടപാടുമായി ബന്ധപ്പെട്ട് ലഭിച്ചതെന്ന് കരുതുന്ന ആസ്തിയാണ് ഇത്. ഈ കേസിൽ അറസ്റ്റിലായ ദുബായിലെ ഇടനിലക്കാരൻ രാജീവ് സക്‌സേനയുടെ 'കടലാസ്' കമ്പനികളിൽനിന്നാണ് രതുലിന്റെ നേതൃത്വത്തിലുള്ള സ്ഥാപനത്തിന് പണം ലഭിച്ചതെന്നാണ് നികുതി വകുപ്പിന്റെ വാദം.