ചെന്നൈ: ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ തമിഴ് ചലച്ചിത്രതാരം വിജയ് സേതുപതി. ആർച്ചിക്കൾ 370 റദ്ദാക്കിയതിനെതിരെയാണ് വിജയ് സേതുപതി രംഗത്തെത്തിയത്. കാശ്മീരിലെ ജനങ്ങളുടെ അഭിപ്രായം കേൾക്കാതെ ഇത്തരം ഒരു നീക്കം കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് ശരിയല്ലെന്ന് എസ്.ബി.എസ് തമിഴ് ആസ്ട്രേലിയ എന്ന റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ നടപടി ജനാധിപത്യത്തിന് എതിരാണ്. കാശ്മീരിലെ ജനങ്ങൾ തന്നെയാണ് അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടതെന്ന് പെരിയോർ (ഇ.വി രാമസ്വാമി) മുൻപ് തന്നെ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ വീട്ടിലെ കാര്യങ്ങളിൽ എനിക്ക് ഇടപെടാനാകില്ല. നിങ്ങളാണ് അവിടെ താമസിക്കുന്നത്. എനിക്ക് നിങ്ങളെക്കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിക്കാം. എന്നാൽ എന്റെ തീരുമാനം നിങ്ങളിൽ അടിച്ചേൽപ്പിക്കാനാവില്ല. ഇത് രണ്ടും വ്യത്യസ്തമാണ് - വിജയ് സേതുപതി പറഞ്ഞു.
കാശ്മീരിനെക്കുറിച്ചുള്ള വാർത്തകകൾ വായിച്ചപ്പോൾ വലിയ വേദനയാണ് ഉണ്ടായത്. പുറത്തുള്ളവർക്ക് അവരെക്കുറിച്ച് ആശങ്കപ്പെടാമെങ്കിലും അവരുടെ കാര്യങ്ങളിൽ ഇടപെടലുകൾ നടത്താനാകില്ലെന്നും സേതുപതി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ നരേന്ദ്രമോദിയെയും അമിത് ഷായെയും അഭിനന്ദിച്ച് നടൻ രജനീകാന്ത് രംഗത്ത് എത്തിയതിന് പിന്നാലെയാണ് വിജയ് സേതുപതി ഇതിനെതിരേ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പുസ്തക പ്രകാശന ചടങ്ങിലായിരുന്നു രജനീകാന്ത് മോദിക്കും അമിത് ഷായ്ക്കും അഭിനന്ദനങ്ങൾ അറിയിച്ചത്.