ഈശ്വരപ്രീതിയ്‌ക്കായി പലരും പലവിധത്തിലുള്ള കർമ്മങ്ങളാണ് അനുഷ്‌ഠിക്കുന്നത്. ക്ഷേത്ര ദർഷനം നടത്തുക, വഴിപാടുകൾ ചെയ്യുക, പൂജയും ഹോമവും നടത്തുക അങ്ങനെ പലതരത്തിലുള്ള ആരാധനാ ക്രമങ്ങൾ. എന്നാൽ മന്ത്രമോ, ആരാധനയോ. വഴിപാടോ ഒന്നും ഇല്ലാതെ തന്നെ സാന്നിധ്യം കൊണ്ട് മാത്രം വീട്ടിൽ ഐശ്വര്യം പ്രദാനം ചെയ്യുന്ന ഒന്നുണ്ട്. അതാണ് വാൽക്കണ്ണാടി.
ശക്തിയുടെ പ്രതിബിംബമായാണ് വാൽക്കണ്ണാടിയെ കണക്കാക്കുന്നത്. വാൽക്കണ്ണാടി ഇരിക്കുന്ന വീട്ടിൽ യാതൊരു ബാധയും കടക്കില്ല എന്നാണ് വിശ്വാസം. പ്രപഞ്ചശക്തി ക്രോഡീകരിച്ച ബിംബമാണ് വാൽക്കണ്ണാടി. ശ്രീഭഗവതി എന്നാണ് വാൽക്കണ്ണാടിയെ പൊതുവെ വിളിക്കപ്പെടുന്നത്. വൃത്താകാരത്തിൽ മുകളിൽ ഒരു നാക്കും താഴെ കുമുദം, ചാദുകം, ജഗതി (ക്ഷേപ്പടി) എന്നീ ക്രമത്തിലാണ് വാൽക്കണ്ണാടിയുടെ ആകൃതി. നടുവിലെ വൃത്തത്തിനുള്ളിൽ മൂന്ന് വൃത്തങ്ങളും, ഒത്ത നടുക്കായി ചെറിയൊരു ബിന്ദു സ്ഥാനവും വാൽക്കണ്ണാടിയിൽ കാണാം.
വാൽക്കണ്ണാടി പല വലിപ്പത്തിൽ ലഭിക്കുമെങ്കിലും ചിത്രപണികളോ അലങ്കാരങ്ങളോ ചേർന്നവ വാങ്ങരുത്. പൂജാമുറിയിലോ ശുദ്ധിയുള്ള അലമാരയിലോ വച്ചാൽ മതിയാകും. പ്രത്യേക പൂജയോ പ്രാർത്ഥനയോ ഒന്നും തന്നെ ആവശ്യമില്ല. പ്രാർത്ഥന കണ്ണാടി സ്വയം തിരിച്ചറിയുന്നു എന്നാണ് വിശ്വാസം. വിഷുക്കണിയിലെ പ്രധാന ഇനമാണ് വാൽക്കണ്ണാടി. ഹൈന്ദവ ഗൃഹങ്ങളിൽ എല്ലാം തന്നെ നിർബന്ധമായും കരുതേണ്ട മഹായന്ത്രമായാണ് വാൽക്കണ്ണാടിയെ കരുതുന്നത്.