രണ്ടാം : മഴനിയമപ്രകാരം ഇന്ത്യയ്ക്ക് ജയം
സബീന പാർക്ക്: മുന്നിൽ നിന്ന് നയിച്ച നായകൻ വിരാട് കൊഹ്ലിയുടെ മികവിൽ ഇന്ത്യയ്ക്ക് ഒരു ജയം കൂടി. മഴ ഇടയ്ക്കിടയ്ക്ക് എത്തി നോക്കിയ വെസ്റ്രിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഡക്വർത്ത് ലൂയിസ് നിയമപ്രകാരം 59 റൺസിനാണ് ഇന്ത്യയുടെ വിജയം.
ടോസ് നേടി ബാറ്രിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്ര് നഷ്ടത്തിൽ 279 റൺസാണ് നേടിയത്. മറുപടിക്കിറങ്ങിയ വിൻഡീസിന്റെ വിജയ ലക്ഷ്യം മഴമൂലം 46 ഓവറിൽ 270 റൺസായി പുനർ നിർണയിച്ചു. എന്നാൽ ഭുവനേശ്വർ കുമാറിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ബൗളർമാർ തകർപ്പൻ ബൗളിംഗ് കാഴ്ചവച്ചതോടെ 42 ഓവറിൽ 210 റൺസിന് വിൻഡീസ് ആൾഔട്ടാവുകയായിരുന്നു.
മഴക്കളി
മഴവീണ്ടും പര്യടനത്തിൽ ശല്യക്കാരനായി. ഇന്ത്യ നന്നായി ബാറ്റ് ചെയ്തു വരുന്നതിനിടെയാണ് ആദ്യം മഴ മൂലം കളി തടസപ്പെട്ടത്. തുടർന്ന് മത്സരം പുനരാരംഭിച്ചപ്പോൾ ഇന്ത്യയുടെ റൺസ് ഒഴുക്കിൽ തടസം വരികയും 279ൽ ഇന്നിംഗ്സ് അവസാനിക്കുകയുമായിരുന്നു.
വിൻഡീസ് ഇന്നിംഗ്സിനിടയിലും മഴപെയ്തതിനെ തുടർന്നാണ് അവരുടെ വിജയ ലക്ഷ്യം 46 ഓവറിൽ 270 റൺസായി പുനർ നിർണയിച്ചത്.
വീരാട്ടം
റെക്കാഡുകൾ കടപുഴക്കിയ ഇന്നിംഗ്സുമായി കളം നിറഞ്ഞ വിരാട് കൊഹ്ലിയാണ് (120) ഇന്ത്യയുടെ വിജയ ശില്പി. ടീം സ്കോർ 2 ൽ എത്തിയപ്പോൾ തന്നെ ഓപ്പണർ ശിഖർ ധവാൻ (2) കോട്ട്റല്ലിന്റെ പന്തിൽ എൽബിയായി കൂടാരം കയറി. അതിനാൽ ആദ്യ ഓവറിൽ തന്നെ ക്രീസിലെത്തിയ കൊഹ്ലി സമ്മർദ്ദം ഒന്നുമില്ലാതെ ക്യാപ്ടന്റെ ഇന്നിംഗ്സുമായി കളം നിറയുകയായിരുന്നു.മറുവശത്തുണ്ടായിരുന്ന വൈസ് ക്യാപ്ടൻ രോഹിത് ശർമ്മയ്ക്കൊപ്പം (18) അർദ്ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി തുടക്കത്തിലെ തകർച്ചയിൽ നിന്ന് അദ്ദേഹം ഇന്ത്യയെ കരകയറ്റി. 76 റൺസിൽ വച്ച് രോഹിത് മടങ്ങിയതോടെ സീനിയർ താരമെന്ന ഉത്തരവാദിത്തത്തോടെ കൊഹ്ലി ബാറ്റിംഗിന്റെ കടിഞ്ഞാൺ ഒറ്രയ്ക്ക് ഏറ്രെടുക്കുകയായിരുന്നു.
റിഷഭ് പന്ത് വലിയ ചെറുത്ത് നില്പില്ലാതെ കീഴടങ്ങിയെങ്കിലും പിന്നീടെത്തിയ ശ്രേയസ് അയ്യർ പക്വതയുള്ള ബാറ്രിംഗുമായി നായകന് പിന്തുണ നൽകിയതോടെ ഇന്ത്യൻ ഇന്നിംഗ്സ് പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോയി. ഇരുവരും നാലാം വിക്കറ്രിൽ കൂട്ടിച്ചേർത്ത 125 റൺസാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ലായത്.
ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ഇന്ത്യൻ താരം, ഏകദിനത്തിൽ വെസ്റ്രിൻഡീസിനെതിരെ ഏറ്രവും കൂടുതൽ റൺസ് നേടിയ താരം എന്നീ റെക്കാഡുകളും സ്വന്തമാക്കിയാണ് തന്റെ 42-ാം സെഞ്ച്വറി പൂർത്തിയാക്കി കൊഹ്ലി പവലിയനിലേക്ക് മടങ്ങിയത്. 125 പന്തിൽ 14 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് കൊഹ്ലിയുടെ 120 റൺസിന്റെ അവസരോചിത ഇന്നിംഗ്സ്.
വിജയ ശ്രേയസ്
സീനിയർ താരങ്ങൾ പരാജയപ്പെട്ടപ്പോൾ നായകനൊപ്പം പതറാതെ ഉറച്ച് നിന്ന് പൊരുതിയ ശ്രേയസ് അയ്യറുടെ ഇന്നിംഗ്സ് അത്യുജ്ജലമായിരുന്നു. അമിതാവേശമില്ലാതെ പക്വതയോടെ ഇന്നിംഗ്സ് പടുത്തുയർത്തിയ അയ്യർ ഇന്ത്യ തേടുന്ന നാലാം നമ്പറിലേക്കുള്ള ഉത്തരമാണ് താനെന്ന സൂചനയും ബാറ്രിംഗിലൂടെ നൽകി. 68 പന്തിൽ 5 ഫോറും 1 സിക്സും ഉൾപ്പെടെ ശ്രേയസ് 71 റൺസ് നേടി ഇന്ത്യൻ വിജയത്തിന് നിർണായക സംഭാവന നൽകി.
മത്സര ശേഷം നായകൻ വിരാട് കൊഹ്ലിയും ശ്രേയസിന്റെ ഇന്നിംഗ്സിനെ അഭിനന്ദിച്ചു. തന്റെ സമ്മർദ്ദം കുറയ്ക്കാൻ ശ്രേയസിന്റെ ഇന്നിംഗ്സിനായെന്നും താൻ പുറത്തായിട്ടും ശ്രേയസിന് റൺസ് കണ്ടെത്താൻ കഴിഞ്ഞെന്നും കൊഹ്ലി മത്സര ശേഷം പറഞ്ഞു. ശ്രേയസിനെ നാലാം നമ്പറിൽ ഇറക്കണമെന്ന് സുനിൽ ഗാവസ്കർ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ട് കഴിഞ്ഞു.
വെൽഡൺ ഭുവി
8 ഓവറിൽ 31 റൺസ് നൽകി 4 വിക്കറ്രെടുത്ത ഭുവനേശ്വർ കുമാറിന്റെ ബൗളിംഗ് ഇന്ത്യൻ വിജയത്തിൽ ഏറെ നിർണായകമായി. ഭുവനേശ്വർ എറിഞ്ഞ 35-ാം ഓവറിലാണ് കളി ഇന്ത്യയുടെ വരുതിയിലേക്കെന്ന് ഉറപ്പായത്. ആ ഓവർ എറിയാൻ ഭുവി പന്തെടുക്കുമ്പോൾ വിൻഡീസിന് വേണ്ടത്. 12 ഓവറിൽ 91 റൺസായിരുന്നു.
ഓവറിലെ രണ്ടാം പന്തിൽ നന്നായി ബാറ്റ് ചെയ്ത് വരികയായിരുന്ന നിക്കോളാസ് പൂരനെയും (42), അഞ്ചാം പന്തിൽ റോസ്റ്റൺ ചേസിനെയും (18) മടക്കി ഭുവി ഇന്ത്യയ്ക്ക് ഡബിൾ ബ്രേക്ക് ത്രൂ സമ്മാനിക്കുകയായിരുന്നു. മുഹമ്മദ് ഷമിയും കുൽദീപ് യാദവും രണ്ട് വിക്കറ്ര് വീതം വീഴ്ത്തി. 65 റൺസെടുത്ത എവിൻ ലൂയിസാണ് വിൻഡീസിന്റെ ടോപ് സ്കോറർ.
മൂന്നാം മത്സരം നാളെ
പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ നടക്കും. പരമ്പരയിൽ 1-0ത്തിന് മുന്നിലുള്ള ഇന്ത്യയ്ക് ഈ മത്സരത്തിൽ തോറ്റാലും പരമ്പര നഷ്ടപ്പെടില്ല. വിൻഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്ലിന്റെ വിടവാങ്ങൽ മത്സരം കൂടിയാണിത്. ഇന്ത്യയുടെ ഈ പര്യടനത്തിൽ ഒരു മത്സരത്തിൽ പോലും ജിയക്കാൻ കഴിയാത്ത വിൻഡീസ് മൂന്നാം ഏകദിനത്തിൽ വിജയത്തിൽക്കുറഞ്ഞൊന്നും ചിന്തിക്കുന്നില്ല.