rainfall

ബംഗളൂരു/മുംബയ് : കർണാടകയിൽ 8 ദിവസമായി തുടരുന്ന പ്രളയത്തിൽ പൊലിഞ്ഞത് 40ലേറെ ജീവൻ. മണ്ണിടിച്ചിലിൽ 8 പേരെ കാണാതായ കുടകിലെ തോറയിലേക്ക് ദുരന്തനിവാരണ സേനയ്ക്ക് എത്താനായിട്ടില്ല. ഇതുൾപ്പെടെ 14 പേരെ കാണാതായി. മാണ്ഡ്യ, മൈസൂരു, കുടക് മേഖലയിലെ മിക്ക സ്ഥലങ്ങളും വെള്ളത്തിലാണ്. വടക്കൻ കർണാടകയിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും മലനാട് മേഖലയിൽ മഴ തുടരുകയാണ്. പൈതൃകനഗരമായ ഹംപി, തുംഗഭദ്ര നദി കരകവിഞ്ഞതിനെ തുടർന്ന് വെള്ളപ്പൊക്കഭീഷണിയിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രളയമേഖലകളിൽ വ്യോമനിരീക്ഷണം നടത്തി. പശ്ചിമ മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ പ്രളയ രക്ഷാപ്രവർത്തനങ്ങൾക്കിടെയുണ്ടായ ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. ഇതുൾപ്പെടെ മരണം 30 കവിഞ്ഞു. 761 ഗ്രാമങ്ങളാണ് വെള്ളപ്പൊക്കത്തിൽപ്പെട്ടത്. 4.24 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു. മേഖലയിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്.

ഗുജറാത്തിൽ മഴക്കെടുതിയിൽ മരണം 31 ആയി. സൗരാഷ്ട്രയിലും മദ്ധ്യ ഗുജറാത്തിലും കനത്ത നാശനഷ്ടങ്ങൾ തുടരുകയാണ്.

ഉത്തരാഖണ്ഡിൽ ഇന്നലെ രാവിലെ കനത്ത പേമാരിയിൽ രണ്ടു വീടുകൾ തകർന്ന് അമ്മയും 9 മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടെ ആറുപേർ മരിച്ചു.