rahul-gandhi

കൽപ്പറ്റ:വയനാട്ടിൽ ഉരുൾപൊട്ടിയ പുത്തുമലയിലെ ദുരന്തഭൂമിയിൽ ആശ്വാസമായി രാഹുൽഗാന്ധിയെത്തി. ദുരന്തത്തിന്റെ തീവ്രത നേരിട്ട് മനസിലാക്കിയ രാഹുൽ ഉരുൾപൊട്ടി പാറയും മണ്ണും ഒലിച്ചെത്തിയ പ്രദേശത്തിന്റെ തൊട്ടടുത്തു വരെ എത്തി. തിരച്ചിലിന്റെ പുരോഗതി ഉദ്യോഗസ്ഥരോടും രക്ഷാപ്രവർത്തകരോടും ആരാഞ്ഞു. നാട്ടുകാരോട് ദുരന്തത്തെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞ ശേഷമാണ് രാഹുൽ ഗാന്ധി പുത്തുമലയിൽ നിന്ന് മടങ്ങിയത്.പിന്നീട് വയനാട് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചു. സുരക്ഷ പോലും അവഗണിച്ച് രാഹുൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ അടുത്തേക്ക് ഓടിയെത്തി. പലരെയും കെട്ടിപ്പിടിച്ചും തലോടിയും ആശ്വസിപ്പിച്ചു.

മേപ്പാടിയിലെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലാണ് രാഹുൽ ആദ്യം എത്തിയത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി, സി.കെ.ശശീന്ദ്രൻ എം.എൽ.എ, സബ് കളക്ടർ എൻ. എസ്.കെ. ഉമേഷ് എന്നിവർ അപ്പോൾ അവിടെ ഉണ്ടായിരുന്നു. ഇവരോട് രാഹുൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അതിന് ശേഷം രാഹുൽ മേപ്പാടി സെന്റ് ജോസഫ് യു.പി സ്‌കൂൾ, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു.

അവിടെ രാഹുലിന് മുന്നിൽ അമ്മമാരും കുട്ടികളും കരഞ്ഞ് കൊണ്ട് ദുരന്താനുഭവം വിവരിച്ചു. കെ.സി.വേണുഗോപാലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വേദനാജനകമായ വാക്കുകൾ പരിഭാഷപ്പെടുത്തിക്കൊടുത്തു.

ദുരിതമഴയിൽ വിറങ്ങലിച്ച മനസുകൾക്ക് രാഹുലിന്റെ സന്ദർശനം സാന്ത്വനമായി. പനമരത്തെയും മീനങ്ങാടിയിലെയും കൽപ്പറ്റ മുണ്ടേരിയിലെയും ക്യാമ്പുകൾ രാഹുൽ സന്ദർശിച്ചു. മേപ്പാടിയിൽ ക്യാമ്പിൽ എത്തിയപ്പോൾ രാഹുൽ ദുരിതബാധിതരോട് മൈക്കിലാണ് സംസാരിച്ചത്. എല്ലാവർക്കും പുനരധിവാസം ഉറപ്പാക്കും. നഷ്ടപരിഹാരം നിങ്ങൾക്കുണ്ടായിട്ടുള്ള വേദന ഇല്ലാതാക്കില്ല. ഞങ്ങൾ കേന്ദ്രത്തിലും സംസ്ഥാനത്തും പ്രതിപക്ഷത്താണ്, പക്ഷേ നിങ്ങൾക്ക് വേണ്ടി ഞങ്ങൾ എത്ര ബുദ്ധിമുട്ടിയാണെങ്കിലും കാര്യങ്ങൾ നേടിയെടുക്കുമെന്നും രാഹുൽ പറഞ്ഞു.

ഈ ദുരന്തത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിന്നു എന്നത് സന്തോഷകരമാണ് . മരുന്നും ഡോക്ടർമാരുടെ സേവനവും വേണമെന്ന് എല്ലാവരും തന്നോട് ആവശ്യപ്പെട്ടു. കാണാതായി പോയ ആളുകളെ കണ്ടെത്തുന്നതിന് ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ, പി.സി. വിഷ്ണുനാഥ്, വയനാട് ഡി.സി.സി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ എന്നിവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു.