china

 ചൈനീസ് വിദേശകാര്യമന്ത്രിയെ കണ്ടു

ബെയ്ജിംഗ്: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കി മാറ്റിയതിൽ ചൈനയ്ക്കുള്ള അതൃപ്തി നിലനിൽക്കെ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ബെയ്ജിംഗിൽ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി. 'ലോകം അനിശ്ചിതത്വം നിറഞ്ഞ സാഹചര്യങ്ങളെ നേരിടേണ്ടി വരുമ്പോൾ ഇന്ത്യാ ചൈന ബന്ധം സ്ഥിരതയ്ക്കുള്ള കാരണമായി തീരണമെന്നും ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വ്യത്യാസങ്ങൾ തർക്കകാരണമാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ' ജയശങ്കർ അഭിപ്രായപ്പെട്ടു.

രണ്ട് വർഷം മുമ്പ് ഇരുരാജ്യങ്ങളിലെയും നേതാക്കൾ കസാഖിസ്താനിലെ അസ്താനയിൽ നടന്ന കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങളിൽ അഭിപ്രായ ഐക്യത്തിലെത്തിയിരുന്നുവെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി. ആ സമയത്ത് ലോകം അനിശ്ചിതത്വത്തിൽ കൂടിയാണ് കടന്നുപൊയ്‌ക്കൊണ്ടിരുന്നത്. ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം സ്ഥിരതയ്ക്കുള്ള കാരണമായെന്നും വഹാനിൽ നടന്ന ഉച്ചകോടിയിൽ അഭിപ്രായ ഐക്യം വിവിധ വിഷയങ്ങളിലേക്ക് വർദ്ധിപ്പിക്കാനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മേഖലയിലെ സമാധാനവും സ്ഥിരതയും നിലനിറുത്തുന്നതിൽ ഇന്ത്യയ്ക്ക് പ്രധാന പങ്കുവഹിക്കാനാകുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. കാശ്മീരിൽ ഇന്ത്യയുടെ ഏകപക്ഷീയമായ തീരുമാനം സംബന്ധിച്ച് തത്വപരമായ നിലപാടാണ് ചൈന സ്വീകരിച്ചതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിങുമായുള്ള അനൗദ്യോഗിക ഉച്ചകോടിക്ക് മുന്നോടിയായി മൂന്നുദിവസത്തെ സന്ദർശനത്തിനിനാണ് ജയശങ്കർ ചൈനയിലെത്തിയത്.

രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ചൈന സന്ദർശിക്കുന്ന ആദ്യ മന്ത്രിയാണ് ജയശങ്കർ. സന്ദർശനവേളയിൽ ജയശങ്കർ നാല് ധാരണാപത്രങ്ങളിൽ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2009 മുതൽ 2013 വരെ ഇന്ത്യയുടെ ചൈനയിലെ അംബാസിഡറായി പ്രവർത്തിച്ചിരുന്നത് ജയശങ്കറായിരുന്നു.