cm-pinarayi-vijayan-

തിരുവനന്തപുരം: കനത്ത മഴയും ഉരുൾപൊട്ടലും നാശം വിതച്ച വയനാട്ടിലെയും മലപ്പുറത്തെയും ദുരന്തബാധിത മേഖലകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ സന്ദർശിക്കും റോഡുമാർഗം ചെന്നെത്താവുന്ന ഇടങ്ങളിൽ അങ്ങനെയും അതല്ലാത്തിടങ്ങളിൽ ഹെലികോപ്ടറിലുമാണ് മുഖ്യമന്ത്രി എത്തുക. വയനാട്ടിലെ പുത്തുമലയിലും മലപ്പുറം ജില്ലയിലെ കവളപ്പാറയിലും അടക്കം ഉരുൾപൊട്ടലിൽ വൻനാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായാണ് പ്രദേശങ്ങളിൽ സന്ദര്‍ശനത്തിന് എത്തുന്നത്.

രാവിലെ എട്ടുമണിക്ക് തിരുവനന്തപുരത്ത് നിന്ന് വിമാനമാർഗം കരിപ്പൂരിലേക്ക് എത്തുന്ന മുഖ്യമന്ത്രി അവിടുന്ന് സുൽത്താൻ ബത്തേരിയിലേക്ക് ഹെലികോപ്ടറിൽ പോകും. റോഡുമാർഗം ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം ഹെലികോപ്ടറിൽ മലപ്പുറത്തെത്തും. അവിടെയും ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം വൈകീട്ട് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന വിധത്തിലാണ് സന്ദർശന പരിപാടി നിശ്ചയിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ പ്രളയക്കെടുതി സംബന്ധിച്ച് മുഖ്യമന്ത്രി ഇന്ന് ജില്ലാ കളക്ടർമാരുമായി ചർച്ച നടത്തി. വീഡിയോ കോൺഫറൻസിംഗ് വഴിയായിരുന്നു മുഖ്യമന്ത്രി സ്ഥിതിഗതികൾവിലയിരുത്തിയത്. ക്യാമ്പുകളിലുള്ളവർക്ക് സൗകര്യങ്ങൾ ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നല്‍കി. മഴ കുറഞ്ഞുതുടങ്ങിയതിനാൽ വെള്ളം ഇറങ്ങിത്തുടങ്ങിയത് രക്ഷാപ്രവർത്തനം സുഗമമാക്കിയതായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കളക്ടർമാരുമായി നടന്ന വീഡിയോ കോൺഫറൻസ് വിലയിരുത്തി.

വീടുകൾ നശിച്ചവർക്ക് ക്യാമ്പുകൾ അവസാനിച്ചാലും താമസിക്കാൻ കൂട്ടായ താമസസ്ഥലങ്ങൾ കളക്ടർമാർ കണ്ടെത്തണം. ക്യാമ്പ് അവസാനിക്കാൻ കാത്തുനിൽക്കാതെ, അതിനായി ഇപ്പോഴേ സ്ഥലം കണ്ടുവയ്ക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.