 സെപ്‌തംബർ 5 മുതൽ വിപണിയിലേക്ക്

മുംബയ്: ഇന്ത്യൻ ടെലികോം രംഗത്ത് വിപ്ളവം സൃഷ്‌ടിച്ച് പിറന്നുവീണ ജിയോയ്ക്ക് മൂന്നു വയസ് പൂർത്തിയാകുന്ന ഈ സെപ്‌തംബർ അഞ്ചുമുതൽ,​ ജിയോയുടെ ബ്രോഡ്‌ബാൻഡ് സർവീസ് ആയ ജിയോ ഫൈബർ പ്രവർത്തനം ആരംഭിക്കുന്നു. ടെലികോമിൽ ജിയോ നടത്തിയതിന് സമാനമായ മാറ്റങ്ങൾക്ക് തിരികൊളുത്തുകയാണ് ജിയോ ഫൈബറിന്റെയും ദൗത്യം.

റിലയൻസ് ഇൻഡസ്ട്രീസിന്റെ 42-ാമത് വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനിയാണ് ജിയോ ഫൈബറിന്റെ വിപണി പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നിലവിൽ 2.5 ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ 2030ഓടെ പത്തുലക്ഷം കോടി മൂല്യത്തിലേക്ക് കുതിക്കും. ഇതിൽ,​ റിലയൻസ് ഇൻഡസ്‌ട്രീസിന് വലിയ സംഭാവന നൽകാനാകുമെന്ന് അദ്ദേഹം ഓഹരി ഉടമകളെ അഭിസംബോധന ചെയ്‌തുകൊണ്ട് പറഞ്ഞു.

മൂന്നുവർഷം കൊണ്ട് 34 കോടി വരിക്കാരെയാണ് ജിയോ സ്വന്തമാക്കിയത്. വരുമാനത്തിന്റെയും വളർച്ചയുടെയും കണക്കെടുത്താൽ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് ജിയോ. ജിയോയ്ക്ക് മുമ്പ് ഡാറ്റ രംഗത്ത് (മൊബൈൽ ഇന്റർനെറ്റ്)​ ഇന്ത്യയ്ക്ക് ഇരുണ്ട കാലമായിരുന്നു. ഇന്ന് ഡാറ്റയിൽ ഇന്ത്യ തിളങ്ങുകയാണ്. ഇതിനകം ടെലികോം അടിസ്ഥാനസൗകര്യം ഒരുക്കാനായി ജിയോയിൽ 3.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. 5ജിയിലേക്ക് ചുവടുമാറ്റാൻ ജിയോ പൂർണസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

അതിവേഗം,​

ജിയോ ഫൈബർ

(സവിശേഷതകൾ)​

 സെക്കൻഡിൽ 100 എംബി മുതൽ ഒരു ജിബി വരെ സ്‌പീഡ് പ്ളാനുകൾ

 മാസം 700 രൂപ മുതൽ 10,​000 രൂപവരെയുള്ള പ്ളാനുകൾ

 പാക്കേജിൽ ബ്രോഡ്‌ബാൻഡ്,​ ടിവി,​ ലാൻഡ്‌ലൈൻ എന്നിവ

 ലാൻഡ്‌ലൈനിൽ നിന്ന് കോളുകൾ സൗജന്യം

 500 രൂപ പ്ളാനിലൂടെ അമേരിക്ക,​ കാനഡ എന്നിവിടങ്ങളിലേക്ക് യഥേഷ്‌ടം വിളിക്കാം

 വാർഷിക ലൈഫ്‌ടൈം പ്ളാൻ വാങ്ങുന്നവർക്ക് എൽ.ഇ.ഡി 4കെ എച്ച്.ഡി ടിവിയും സെറ്ര് ടോപ് ബോക്‌സും സൗജന്യം

 ജിയോ ഫൈബർ പ്രീമിയം വരിക്കാർക്ക് പുതിയ സിനിമകൾ റിലീസ് ദിവസം തന്നെ വീട്ടിലിരുന്ന് കാണാം. ഈ പദ്ധതിക്ക് 2020 മദ്ധ്യത്തോടെ തുടക്കമാകും

ലക്ഷ്യം 2 കോടി വീടുകൾ

നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ അഞ്ചുലക്ഷം വീടുകളിൽ ലഭിക്കുന്നുണ്ട്. ഇന്ത്യയിലെ 1,​600 ടൗണുകളിലായി രണ്ടു കോടി വീടുകളിലും ഒന്നര കോടി ബിസിനസ് സംരംഭകരിലേക്കും എത്തുകയാണ് ജിയോ ഫൈബറിന്റെ ലക്ഷ്യം. വിപണി നിരക്കിന്റെ പത്തിലൊന്ന് മാത്രം ഈടാക്കിയാണ് ജിയോ ഫൈബർ ഉപഭോക്താക്കളിലേക്ക് എത്തുന്നത്.

ഐ.ഒ.ടിയിലും

മുന്നേറും

ഡിജിറ്റൽ രംഗത്തെ പുത്തൻ ട്രെൻഡുകളിൽ ഒന്നായ ഇന്റർനെറ്ര് ഒപ് തിംഗ്‌സിലും (ഐ.ഒ.ടി)​ റിലയൻസ് ജിയോയ്ക്കുള്ളത് വലിയ പ്രതീക്ഷകളാണ്. നമ്മുടെ വീട്ടിലും മറ്റുമുള്ള ഇലക്‌ട്രിക് ഉപകരണങ്ങളെ സ്‌മാർട് ഫോണിലൂടെ ലോകത്ത് എവിടെ നിന്നും നിയന്ത്രിക്കാൻ ഐ.ഒ.ടിയിലൂടെ കഴിയും.

രണ്ടുവർഷത്തിനകം ഇന്ത്യയിൽ 200 കോടി ഐ.ഒ.ടി ഡിവൈസുകൾ ഉപയോഗത്തിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇതിൽ 100 കോടി ഡിവൈസുകൾ ജിയോയുടേതാകണം എന്ന ലക്ഷ്യമാണ് റിലയൻസിനുള്ളത്. ഇത് 20,​000 കോടി രൂപയുടെ വാർഷിക വരുമാനം ലഭ്യമാക്കുമെന്ന് മുകേഷ് അംബാനി പറഞ്ഞു. ജിയോ ഐ.ഒ.ടി സേവനത്തിന് 2020 ജനുവരി ഒന്നിന് തുടക്കമാകും.

റിലയൻസിനൊപ്പം

മൈക്രോസോഫ്‌റ്റും

രാജ്യത്തെ വ്യവസായ-ബിസിനസ് സംരംഭങ്ങളെ ഡിജിറ്റൽ ശൃംഖയിലേക്ക് പൂർണമായി മാറ്റുന്നതിനുള്ള നടപടികൾക്കായി റിലയൻസിനൊപ്പം മൈക്രോസോഫ്‌റ്റും കൈകോർക്കും. ഇതിന്റെ ഭാഗമായി മൈക്രോസോഫ്‌റ്റിന്റെ അഷ്യൂർ ക്ളൗഡ്,​ ജിയോയുടെ പ്ളാ‌റ്റ്‌ഫോമിൽ ലഭ്യമാക്കുമെന്ന് സി.ഇ.ഒ സത്യ നദേല്ല വീഡിയോ സന്ദേശത്തിലൂടെ റിലയൻസ് വാർഷിക പൊതുയോഗത്തിൽ പറഞ്ഞു.

 ഫോട്ടോ:

മുംബയിൽ റിലയൻസ് ഇൻഡസ്‌ട്രീസിന്റെ 42-ാമത് വാർഷിക പൊതുയോഗത്തിൽ സംബന്ധിക്കാനെത്തിയ ചെയർമാൻ മുകേഷ് അംബാനി അമ്മ കോകില ബെൻ അംബാനി,​ പത്‌നി നിത അംബാനി എന്നിവർക്കൊപ്പം.