porn-groups

പ്രളയജലം പടിവാതിൽക്കൽ എത്തി നിൽകുമ്പോൾ ആരൊക്കെ, എവിടെ നിന്നൊക്കെ സഹായ ഹസ്തവുമായി എത്തുമെന്ന് പ്രവചിക്കാൻ സാധിക്കില്ല. പ്രളയത്തിൽ ബുദ്ധിമുട്ടുന്നവരെ സഹായിക്കുക എന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ട് സകലമാന ഫേസ്‍ബുക്ക്, വാട്സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകളും ഉണർന്ന് പ്രവർത്തിക്കുന്ന സമയമാണ് ഇത്. എന്നാൽ ഇതേ ലക്ഷ്യം വച്ച് തന്നെ മറ്റൊരു തരം ഗ്രൂപ്പുകളും ഇപ്പോൾ ആക്ടീവാണ്. അശ്ലീല വീഡിയോ ഗ്രൂപ്പുകൾ. അശ്ലീലം ശ്ലീലത്തിന് വഴിമാറുകയാണിവിടെ.

പ്രളയം രൂക്ഷമാകുകയും അനേകം ജനങ്ങൾ കഷ്ടത്തിലാകുകയും ചെയ്തതോടെയാണ് ഇത്തരത്തിലുള്ള ഗ്രൂപ്പുകളുടെ അഡ്മിനുകൾ തങ്ങളുടെ കർത്തവ്യത്തെ കുറിച്ച് ബോധവാൻമാരായിരിക്കുന്നത്. ടെലഗ്രാമിലൂടെ ഏറെ പ്രചാരം നേടിയ കുപ്രസിദ്ധമായ അശ്ളീല ഗ്രൂപ്പുകൾ വരെ പ്രളയ സഹായം എത്തിക്കുന്നതിലാണ് ശ്രദ്ധ ചെലുത്തുന്നത്.

ഗ്രൂപ്പുകളുടെ പഴയ പേരുകൾ മാറ്റിയ ശേഷമാണ് പ്രളയ സംബന്ധമായ വാർത്തകളും വിവരങ്ങളും ഷെയർ ചെയ്യപ്പെടുന്നത്. ഇപ്പോൾ ഈ ഗ്രൂപ്പുകളിൽ ഒന്നിലും അശ്ലീല വീഡിയോകളും ഫോട്ടോകളും വരുന്നില്ലെന്നാണ് വിവരം. വെറും നേരം നേരമ്പോക്കിന് വേണ്ടിയോ നല്ല പേര് നേടാനോ അല്ല ഇവരുടെ ഈ മാറ്റം. ആവശ്യമുള്ളവർക്ക് ഏത് വിധേനയും സഹായം എത്തിച്ചുകൊടുക്കാൻ സാധിക്കും എന്ന് പ്രവർത്തിച്ചു കാണിച്ചുകൊടുക്കുന്ന ഈ ഗ്രൂപ്പുകൾ. മെമ്പർമാരുടെ അഭ്യർത്ഥന പ്രകാരമാണ് ഈ ഗ്രൂപ്പുകൾ മാറാൻ തീരുമാനിക്കുന്നത്. ഒരു ലക്ഷം വരെ അംഗങ്ങളുള്ള ഗ്രൂപ്പുകളാണിവ.

ഒരു ഗ്രൂപ്പിൽ വന്ന സന്ദേശം ഇങ്ങനെ:

'ഗ്രൂപ്പ്‌ മെമ്പേഴ്‌സ് സദയം ക്ഷമിക്കുക.

ഇത്രയും പേരുള്ള ഗ്രൂപ്പ്‌ ആയതിനാൽ ഈ മഴക്കെടുതി കാലഘട്ടത്തിൽ സമൂഹത്തിന് നമ്മളാൽ കഴിയുന്ന കൈത്താങ്ങാവുക എന്നത് സാമൂഹ്യ ബോധമുള്ള നമ്മളുടെ ഓരോരുത്തരുടെയും കർത്തവ്യമാണ്.

അതിനാൽ താത്കാലികമായി നമ്മുടെ ഈ ഗ്രൂപ്പ്‌ പ്രളയ ദുരിതാശ്വാസ സഹായ ഗ്രൂപ്പ്‌ ആക്കിയിരിക്കുന്നു.

എല്ലാവരുടെയും അകമഴിഞ്ഞ സഹായം ഗ്രൂപ്പിന് നൽകണം എന്നും മഴക്കെടുതികൾ കുറയുന്ന സാഹചര്യം കണക്കാക്കി രണ്ട് ദിവസത്തിനുള്ളിൽ നമ്മുടെ ആ പഴയ ഗ്രൂപ്പ്‌ പൂർവാധികം ശക്തിയോടെ തിരിച്ചെത്തും എന്നും അഡ്മിൻ പാനലിന് വേണ്ടി എല്ലാ മെമ്പേഴ്സിനും വേണ്ടി അറിയിക്കുന്നു.

സഹകരണങ്ങൾക്ക് നന്ദി'