kavalappara

മലപ്പുറം: ഉരുൾപൊട്ടൽ ദുരന്തം വിതച്ച കവളപ്പാറയിൽ ഇന്ന് നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ഇവിടെ നിന്ന് 17 പേരുടെ മരണം സ്ഥിരീകരിച്ചു. കാണാതായവരുടെ പട്ടികയിൽ ഉണ്ടായിരുന്ന നാലുപേർ ബന്ധുവീടുകളിലുണ്ടെന്ന് മന്ത്രി കെ.ടി. ജലീൽ സ്ഥീരീകരിച്ചിട്ടുണ്ട്. 63 പേരായിരുന്നു കാണാതായവരുടെ പട്ടികയിൽ ആദ്യമുണ്ടായിരുന്നത്. ഇനി കവളപ്പാറയിൽ നിന്ന് കണ്ടെത്താനുള്ളത് 42 പേരെയാണ്.

ഉരുൾപൊട്ടലിൽ 44 വീടുകളാണ് കവളപ്പാറയിൽ നിന്ന് തുടച്ചുമാറ്റപ്പെട്ടത്. ബന്ധുക്കൾ ചൂണ്ടിക്കാണിക്കുന്ന മൺകൂനയിൽ സൂക്ഷിച്ച് മണ്ണ് മാറ്റി, കോൺക്രീറ്റ് സ്ലാബുകൾ പൊളിച്ചെടുത്താണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ഫയർഫോഴ്‍സ്, അഗ്നിശമനസേന, സന്നദ്ധസംഘടനകൾ എന്നിവ ആറ് യൂണിറ്റുകളായി തിരിഞ്ഞാണ് രക്ഷാപ്രവർത്തനം നടത്തിയത്.