മുംബയ്: റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ഓയിൽ - കെമിക്കൽ വിഭാഗത്തിന്റെ 20 ശതമാനം ഓഹരികൾ സൗദി ആരാംകോ വാങ്ങും. 7,500 കോടി ഡോളറാണ് (ഏകദേശം 5.34 ലക്ഷം കോടി രൂപ) ഇതിനായി ആരാംകോ റിലയൻസിന് നൽകുക. ഇന്ത്യയിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്.ഡി.ഐ) പദ്ധതികളിലൊന്നാണിത്.
സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയാണ് സൗദി അറേബ്യൻ ഓയിൽ കമ്പനി എന്ന സൗദി ആരാംകോ. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നും ലോകത്ത് ഏറ്റവും ഉയർന്ന ലാഭം നേടുന്ന കമ്പനിയുമാണിത്. റിലയൻസ് ഇൻഡസ്‌ട്രീസിന്റെ റിഫൈനറി, പെട്രോകെമിക്കൽ വിഭാഗങ്ങൾ ലയിപ്പിച്ച് സജ്ജമാക്കിയ പുതിയ വിഭാഗത്തിലേക്കാണ് സൗദി ആരാംകോ നിക്ഷേപം നടത്തുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം റിലയൻസ് ഇൻഡസ്‌ട്രീസിന് 5.7 ലക്ഷം കോടി രൂപയുടെ വരുമാനം നേടിക്കൊടുത്ത വിഭാഗമാണിത്. ഇതിൽ 2.2 ലക്ഷം കോടി രൂപയും കയറ്റുമതിയിലൂടെ ആയിരുന്നു. കരാർ പ്രകാരം, റിലയൻസിന്റെ ജാംനഗർ റിഫൈനറിയിലേക്ക് ആരാംകോ പ്രതിദിനവം അഞ്ചുലക്ഷം ക്രൂഡോയിൽ നൽകും. നിലവിൽ 1.4 മില്യൺ ബാരലാണ് ജാംനഗർ റിഫൈനറിയുടെ സംസ്‌കരണശേഷി. 2030ഓടെ ഇത് രണ്ടു മില്യണിലേക്ക് ഉയർത്താൻ റിലയൻസിന് ലക്ഷ്യമുണ്ട്. സൗദി ആരാംകോയിൽ നിന്നുള്ള ക്രൂഡോയിലും എത്തുന്നതോടെ ലോകത്തെ ഏറ്റവും വലിയ റിഫൈനറികളിൽ ഒന്നായി ജാംനഗർ മാറും.
18 മാസത്തിനകം കടം ഇല്ലാതാക്കും
സൗദി ആരാംകോയ്ക്ക് ഓഹരി കൈമാറുന്നതിലൂടെ റിലയൻസിനുള്ളത്, രണ്ടുലക്ഷ്യങ്ങളാണ്. ഒന്ന്, ക്രൂഡോയിൽ ബിസിനസിൽ നിന്ന് മെല്ലെ ചുവടുമാറ്റുക. രണ്ട്, കമ്പനിയുടെ കടബാദ്ധ്യതകൾ ഇല്ലാതാക്കുക. ആരാംകോ, ബ്രിട്ടീഷ് കമ്പനിയായ ബി.പി എന്നിവയുമായുള്ള സഹകരണം റിലയൻസിന്റെ മൂല്യം ഉയർത്തുമെന്നും 18 മാസത്തിനകം കടബാദ്ധ്യതകൾ ഒഴിവാക്കാനാകുമെന്നും മുകേഷ് അംബാനി പറഞ്ഞു.
എങ്ങനെ കടം ഒഴിവാക്കും?
നികുതിക്കും പലിശബാദ്ധ്യതകൾക്കും മറ്റും മുമ്പായുള്ള (EBITDA) റിലയൻസിന്റെ വരുമാനം അടുത്ത അഞ്ചുവർഷക്കാലം ശരാശരി 15 ശതമാനം വീതം വളരുമെന്നാണ് പ്രതീക്ഷ. ജിയോയും റിലയൻസ് റീട്ടെയിലും ഇതിൽ 50 ശതമാനം പങ്കുവഹിക്കും. നിലവിൽ ഇവയുടെ പങ്ക് 32 ശതമാനവും രണ്ടുവർഷം മുമ്പ് രണ്ടു ശതമാനവും ആയിരുന്നു. സൗദി ആരാംകോ, ബി.പി എന്നിവയുമായുള്ള സഹകരണം റിലയൻസിന്റെ മൂല്യവും ഉയർത്തും.
2018 ജൂലായ് മുതൽ ഇതുവരെ റിലയൻസ് ഓഹരികൾ 20 ശതമാനമാണ് മുന്നേറിയത്. പുതിയ പദ്ധതികളുടെ കരുത്തിൽ ഓഹരിമൂല്യം വീണ്ടും ഉയരും. ഇത്, കടം ഒഴിവാക്കാൻ സഹായിക്കും. 2018-19ലെ കണക്കനുസരിച്ച് 1.54 ലക്ഷം കോടി രൂപയാണ് റിലയൻസ് ഇൻഡസ്‌ട്രീസിന്റെ കടബാദ്ധ്യത.
ബി.പിയ്‌ക്കൊപ്പം
സംയുക്ത സംരംഭം
റിലയൻസ് ഇൻഡസ്‌ട്രീസുമായി ചേർന്ന് ബ്രിട്ടീഷ് കമ്പനിയായ ബി.പി, റീട്ടെയിൽ ഇന്ധന വിതരണത്തിനായി സംയുക്ത സംരംഭം ഒരുക്കും. 49 ശതമാനം ഓഹരികൾ ബി.പിയും 51 ശതമാനം റിലയൻസും കൈവശം വയ്‌ക്കും. 7,000 കോടി രൂപയുടെ നിക്ഷേപമാണ് ഇതിനായി ബി.പി നടത്തുക.
ഇരു കമ്പനികളും സംയുക്തമായി അഞ്ചുവർഷത്തിനകം ഇന്ത്യയിൽ 5,500 പെട്രോൾ പമ്പുകൾ തുറക്കും. കരാറിന്റെ ഭാഗമായി റിലയൻസിന്റെ നിലവിലെ 1,400 പമ്പുകളും 31 വ്യോമ ഇന്ധന സ്‌റ്റേഷനുകളും സംയുക്ത സംരംഭത്തിന് കീഴിലാകും. ഇന്ത്യയിൽ 3,500 പെട്രോൾ പമ്പുകൾ തുറക്കാനുള്ള ലൈസൻസ് 2016ൽ ബി.പി നേടിയിരുന്നു.