മുംബയ് : ജമ്മുകാശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ വൻനിക്ഷേപ പദ്ധതിയുമായി റിലയൻസ് ഗ്രൂപ്പ്. ജമ്മു കശ്‍മീരിലും ലഡാക്കിലും റിലയൻസ് ഗ്രൂപ്പ് വൻനിക്ഷേപം നടത്തുമെന്ന് ചെയർമാൻ മുകേഷ് അംബാനി അറിയിച്ചു. മുബയിൽ റിലയൻസ് ഗ്രൂപ്പിന്റെ വാർഷിക യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കാശ്‍മീരിലേയും ലഡാക്കിലേയും ജനങ്ങളുടെ ആശയ്ക്കും അഭിലാഷത്തിനും അനുസരിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. രണ്ട് കേന്ദ്രഭരണപ്രദേശങ്ങൾക്കും വേണ്ടിയുള്ള പ്രത്യേക പദ്ധതികൾ ഇൻിയുള്ള ദിവസങ്ങളിൽ റിലയൻസ് ഗ്രൂപ്പ് പ്രഖ്യാപിക്കും. ഇതിനായി പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ടെന്നും അംബാനി അറിയിച്ചു.
ജമ്മു കാശ്‍മീർ വിഭജനത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കാശ്‍മീരിലും ലഡാക്കിലും നിക്ഷേപം നടത്താൻ രാജ്യത്തെ വ്യവസായികളോട് ആഹ്വാനം ചെയ്തിരുന്നു.
സാധാരണഗതിയിലായാൽ സംസ്ഥാനത്ത് നിക്ഷേപം നടത്താനും ബിസിനസ് ബന്ധം സ്ഥാപിക്കാനും തയ്യാറാണെന്ന് ജപ്പാനീസ് അംബാസിഡർ കെഞ്ചി ഹിരമത്സു നേരത്തെ അറിയിച്ചിരുന്നു. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ആദ്യമായി വന്ന നിക്ഷേപ വാഗ്ദാനമാണിത്. ബംഗാൾ ചേംബർ ഒഫ് കൊമേഴ്സ് കൊൽക്കത്തയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ജപ്പാൻ അംബാസിഡർ ഇക്കാര്യം അറിയിച്ചത്.