റിലയൻസ് ജിയോയുടെ തകർപ്പൻ ഓഫറുകളുടെയും സേവനങ്ങളുടെയും പ്രഖ്യാപനത്തോടെയാണ് തിങ്കളാഴ്ചയെത്തിയത്. സൗജന്യ എച്ച്.ഡി. ടി.വി, കണ്ണഞ്ചിപ്പിക്കുന്ന 1 ജി.ബി.പി.എസ് ഇന്റർനെറ്റ് സ്പീഡ്, ഗെയിമിംഗോട് കൂടിയ സെട്ടോപ്പ് ബോക്സ് എന്നിവ ഇതിൽ ചിലത് മാത്രം. എന്നാൽ ഇതൊന്നും കൊണ്ട് അവസാനിപ്പിക്കാൻ ജിയോ തയാറല്ല. ജിയോ ഹോളോബോർഡാണ് റിലയൻസിന്റെ ആവനാഴിയിലെ അടുത്ത ആയുധം. ജിഗാ ഫൈബറിന്റെ വയർലസ് ബ്രോഡ്ബാൻഡ് സപ്പോർട്ട് ചെയ്യുന്ന എം.ആർ(മിക്സഡ് റിയാലിറ്റി) ഹെഡ്‌സെറ്റാണിത്.
ഉപഭോക്താക്കൾക്ക് വിർച്ച്വൽ റിയാലിറ്റി അനുഭവം കൂടി നൽകാൻ ഉദ്ദേശിച്ച് കൊണ്ടാണ് ഈ ഹെഡ്സെറ്റ് ജിയോ പുറത്തിറക്കുന്നത്. ഹാൻഡ്‌സ് ഫ്രീ വീഡിയോ കോളിംഗ്, എം.ആർ മൂവീ വാച്ചിങ്, ഗെയിമിംഗ്, എം.ആർ ഷോപ്പിംഗ് എന്നിവയാണ് ഇതിലൂടെ സാധ്യമാകുക. ഇത് തലയിൽ, കണ്ണിന് മുൻപിലായി വച്ചാൽ മുൻപിലുള്ള വസ്തുവിന്റെ ത്രീ ഡി ഹോളോഗ്രാം രൂപം കാണാൻ സാധിക്കും. ഇതിലൂടെ സിനിമ കാണലും, ഷോപ്പിംഗും ഇനി നടത്താനുമാകും. റിലയൻസ് സ്വന്തമാക്കിയ 'ടെസ്സറാക്ട്' എന്ന ടെക്നോളജി കമ്പനിയുമായി ചേർന്നാണ് ഇവർ ഈ ഹെഡ്സെറ്റ് വികസിപ്പിച്ചെടുത്തത്.
ഈ ഹെഡ്സെറ്റിനൊപ്പം ഒരു എ.ആർ(ഓഗ്മെന്റഡ് റിയാലിറ്റി) ഹെഡ്സെറ്റും ജിയോ തങ്ങളുടെ ഹോളോബോർഡ് കിറ്റിലൂടെ നൽകുന്നുണ്ട്. ഇത് ഏത് സ്മാർട്ഫോണുമായും(ഐ.ഒ.എസ്, ആൻഡ്രോയിഡ്) ബ്ലൂടൂത്ത് വഴി ബന്ധിപ്പിക്കാൻ സാധിക്കും. പ്രോഗ്രാം ചെയ്യാനാകുന്ന ബട്ടണുകളുള്ള, ഒരു ആംഗ്യാധിഷ്ഠിത റിമോട്ട് കൺട്രോളിന്റെയും, സ്മാർട്ഫോണിന്റെയും ബ്ലൂടൂത്ത് സഹായത്തോടും കൂടിയാണ് ഇത് പ്രവർത്തിക്കുക. 125 ഗ്രാം മാത്രമുള്ള ഹെഡ്സെറ്റ് അതിന്റെ ഹോൾഡറിൽ അനായാസമായി സൂക്ഷിക്കാനും കഴിയും. വളരെ തുച്ഛമായ വിലയ്ക്ക് ഈ ജിയോ ഹോളോബോർഡ് ഹെഡ്സെറ്റ് അധികം താമസിയാതെ ജിയോ വിപണിയിൽ ലഭ്യമാക്കും.