ന്യൂഡൽഹി: ജമ്മുകാശ്മീരിൽ നടക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ആർട്ടിക്കിൾ 370 പ്രകാരം ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം സംസ്ഥാനത്ത് ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധം നടന്നതായി ബി.ബി.സി, റോയിട്ടേഴ്സ്, ന്യൂയോർക്ക് ടൈംസ്, അൽ ജസീറ തുടങ്ങിയ മാദ്ധ്യമങ്ങൾ വീഡിയോ ദൃശ്യങ്ങൾ സഹിതം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ കാശ്മീരിൽ യാതൊരു അനിഷ്ട സംഭവങ്ങളും നടന്നിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ വാദങ്ങളെ ഖണ്ഡിച്ച ബി.ബി.സി, കാശ്മീരിലെ റിപ്പോർട്ടുകൾ ഇനിയും പുറത്തുവിടുമെന്ന് വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച ശ്രീനഗറിൽ ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധറാലിയുടെ ദൃശ്യങ്ങളാണ് ബി.ബി.സി പുറത്തുവിട്ടത്. പ്രതിഷേധ റാലിക്കിടെ കണ്ണീർവാതകം പ്രയോഗിക്കുന്നതും ലാത്തിവീശുന്നതും വീഡിയോയിൽ വ്യക്തമാണ്.
10,000 പേർ ഇന്ത്യൻ സർക്കാരിനെതിരെയുള്ള പ്രക്ഷോഭത്തിൽ പങ്കെടുത്തെന്നാണ് റോയിട്ടേഴ്സിന്റെ റിപ്പോർട്ട്. എന്നാൽ, വാർത്ത കെട്ടിച്ചമച്ചതാണെന്നും പ്രക്ഷോഭത്തിൽ കഷ്ടിച്ച് 20 പേർ മാത്രമാണ് പങ്കെടുത്തതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാർത്താകുറിപ്പ് പുറത്തിറക്കി. അന്താരാഷ്ട്ര മാദ്ധ്യമങ്ങളായ അൽ ജസീറയും വാഷിംഗ്ടൺ പോസ്റ്റും ഈ വാർത്ത നൽകിയിരുന്നു. വാർത്താഏജൻസിയായ അസോസിയേറ്റഡ് പ്രസ് നിരവധി ചിത്രങ്ങളും പുറത്തുവിട്ടിരുന്നു.
ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ 14 കാരിയായ കാശ്മീരി പെൺകുട്ടി അഷ്ഫാന ഫാറൂഖ് പ്രക്ഷോഭകർക്കുനേരെ ഇന്ത്യൻ സൈന്യം വെടിവച്ചെന്നും താനടക്കം നിരവധി പേർക്ക് പരിക്കേറ്റെന്നും പറഞ്ഞു. കുടിയേറ്റ തൊഴിലാളികൾ കാശ്മീരിൽനിന്ന് കൂട്ടത്തോടെ ട്രെയിനിൽ പോകുന്ന ചിത്രങ്ങളും പുറത്തുവന്നു.