തിരുവനന്തപുരം: കേരളം മൊത്തം കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ടെലിവിഷൻ പരിപാടിയുടെ പരസ്യം ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്ത ബി.ജെ.പി നേതാവ് കെ സുരേന്ദ്രനെതിരെ സോഷ്യൽ മീഡിയയിൽ പൊങ്കാല. ഈ സമയത്ത് ഇങ്ങനെയൊരു പോസ്റ്റിട്ടത് ശരിയല്ലെന്നാണ് മിക്കവരുടെയും അഭിപ്രായം. എന്നാൽ സുരേന്ദ്രനെ തെറിവിളിച്ചും നിരവധി പേർ രംഗത്തുണ്ട്.
നരേന്ദ്രമോദിയുടെ ‘മാൻ വേഴ്സസ് വൈൽഡ്’ എന്ന പ്രോഗാമിനെ കുറിച്ചാണ് കെ.സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവച്ചത്. പരിപാടിയുടെ അവതാരകനായ ബിയർ ഗ്രിൽസിനൊപ്പം മോദി ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷണൽ പാർക്കിൽ വെച്ച് സെൽഫിയെടുക്കുന്നതാണ് ചിത്രം. എന്നാൽ ഇതിനെതിരെ നിരവധി പേർ രംഗത്ത് വരികയായിരുന്നു.
നേരത്തെ ദുരിതാശ്വാസനിധി തട്ടിപ്പാണെന്നും വകമാറ്റിയെന്നും ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ആരും ഇതുവരെ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. സമൂഹമാദ്ധ്യമങ്ങളിലെ പ്രചരണങ്ങളിൽ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും വാളെടുക്കുന്നതെന്തിനാണെന്ന് തനിക്ക് മനസിലാവുന്നില്ലെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.