1. ഉരുള്‍പൊട്ടല്‍ നാശം വിതച്ച കവളപ്പാറയില്‍ നിന്ന് അഞ്ച് മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 18 ആയി. മണ്ണിന് അടിയില്‍ ഇനിയും 41 ഓളം പേര്‍ കുടുങ്ങി കിടക്കുന്നുണ്ട് എന്നാണ് വിവരം. മദ്രാസ് റെജിമന്റിന്റെ മുപ്പതംഗ സൈനികരുടേയും 70ഓളം വരുന്ന പൊലീസിന്റെയും ദുരന്ത നിവാരണ സേന, ഫയര്‍ ഫോഴ്സ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. കൂടുതല്‍ സൈനികര്‍ പ്രദേശത്ത് എത്തിയിട്ടുണ്ട്. തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ കേന്ദ്രീകരിച്ചും മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് തിരച്ചില്‍ തുടരുക ആണ്
2. അതിനിടെ, വയനാട് കുറിച്യര്‍ മലയില്‍ വീണ്ടും ഉരുള്‍ പൊട്ടല്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലാമത്തെ തവണയാണ് ഇവടെ ഉരുള്‍ പൊട്ടുന്നത്. പ്രദേശവാസികളെ മുഴുവന്‍ മാറ്റി പാര്‍പ്പിച്ചതിനാല്‍ ദുരന്തം ഒഴിവായി. ദുരന്തം കാര്‍ന്നുതിന്ന പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുക ആണ്. ഇവിടെ നിന്ന് 7 പേരെ ഇനി കണ്ടെത്തണം. 10 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.
3. തോരാമഴ നാശം വിതച്ച കേരളത്തില്‍ മഴ കെടുതികള്‍ തുടരുന്നു. സംസ്ഥാനത്ത് ഇതുവരെ 83 മരണം. 1500 ദുരിതാശ്വാസ ക്യാമ്പുകളില്‍ ആയി രണ്ടരലക്ഷം പേരാണുള്ളത്. കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ഒരിടത്തും റെഡ് അലര്‍ട്ടില്ല. എന്നാല്‍ ഒറ്റപ്പെട്ട കനത്ത മഴ പ്രവചിക്കുന്ന ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. പാലക്കാട് അണക്കെട്ടുകളിലും പുഴകളിലും ജലനിരപ്പ് കുറഞ്ഞു. രണ്ട് ദിവസം മഴ മാറി നില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ സഹായകമാവും
4. നെല്ലിയാമ്പതിയും അട്ടപ്പാടിയും ഉള്‍പ്പെടെ മലയോര മേഖലകളിലെ ഗതാഗത തടസം നീക്കി ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു. പൊന്‍മുടി, കല്ലാര്‍ അണക്കെട്ടുകളിലെ ഷട്ടറുകള്‍ അടച്ചു. കണ്ണൂര്‍ ഇരുട്ടിയില്‍ വെള്ളക്കെട്ട് പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ല. മഴയുടെ ശക്തി കുറഞ്ഞെങ്കിലും അപ്പര്‍ കുട്ടനാടന്‍ മേഖല ഇപ്പോഴും വെള്ളത്തിന് അടിയിലാണ്.
5. സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം വ്യാപക മഴയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആദ്യ രണ്ട് ദിവസങ്ങളില്‍ ആലപ്പുഴ, എറണാകുളം ജില്ലകളിലും, രണ്ടാം ദിവസം ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യത. മൂന്നാം ദിവസം കേരളത്തിന്റെ 75 ശതമാനം സ്ഥലങ്ങളിലും മഴ ലഭിക്കും. വയനാട് മഴ ഭീഷണിയില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്പെടുന്നത് ആണ് ഭീഷണി ഉയര്‍ത്തുന്നത്.
2. 15, 16 തീയതികളോടെ മഴ കുറയുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ അറിയിച്ചു. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്നും നിര്‍ദേശം. അതേസമയം, നിലവിലെ കണക്ക് അനുസരിച്ച് ഇടുക്കി, വയനാട് ജില്ലകളില്‍ മഴ കുറവാണ്. പാലക്കാട് ,കോഴിക്കോട് ജില്ലകളില്‍ മഴ കൂടുതലുമാണ്. തെക്കന്‍ ജില്ലകളില്‍ ലഭിച്ച മഴ പ്രതീക്ഷച്ചതിലും കുറവാണ് എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
6. അതേസമയം, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു. തൃശ്ശൂര്‍, കോഴിക്കോട്, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മഴയ്ക്ക് ശമനമുണ്ടെങ്കിലും വെള്ളക്കെട്ട് പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ലാത്ത് കൊണ്ട് ദുരന്തസാധ്യത ഒഴിവാക്കുന്നതിന് ആയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് കൂടി കണക്കില്‍ എടുത്താണ് അവധി.
7. വയനാട്, കോഴിക്കോട് ജില്ലയിലെ ദുരിത ബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗ്ഗവും റോഡ് വഴിയുമാകും മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. അതേസമയം, ക്യാമ്പുകളില്‍ ഉള്ളവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും ജില്ലാ കളക്ടര്‍മാരോട് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം.
8. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ ആണ് മുഖ്യമന്ത്രി നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ശുചീകരണം നല്ലതോതില്‍ നടക്കുന്നുവെന്ന് ഉറപ്പാക്കണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ക്യാമ്പുകളിലെ ആളുകളുടെ സൗകര്യങ്ങള്‍ ശ്രദ്ധിക്കണം. ആവശ്യത്തിന് ശൗചാലയങ്ങള്‍ ക്യാമ്പുകളില്‍ ഉറപ്പാക്കണം.
9. ക്യാമ്പുകള്‍ വൃത്തിയായി ഇരിക്കാന്‍ നല്ല തോതിലുള്ള ശുചീകരണം വേണമെന്നും മുഖ്യമന്ത്രി അവശ്യപ്പെട്ടു. വെള്ളം ഇറങ്ങി തുടങ്ങിയതിനാല്‍ വീടുകള്‍ വൃത്തി ആക്കുന്നതിന് പ്രത്യേകം ശ്രദ്ധവേണമെന്നും ഇന്‍ഷുര്‍ ചെയ്തിട്ടുള്ള കടക്കാര്‍ക്ക് അത് ലഭിക്കാനുള്ള സഹായങ്ങളും നല്‍കണം എന്നും മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അവിടെ താമസിക്കുന്നത് ആയി കളക്ടര്‍മാര്‍ ഉറപ്പാക്കണം എന്നും സഹായ സാമഗ്രികള്‍ ആവശ്യാനുസരണം ലഭ്യമാകുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
10. മഴയും ഉരുള്‍പ്പൊട്ടലും കനത്ത നാശം വിതച്ച കേരളത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ സഹായം എത്തണമെന്ന് രാഹുല്‍ ഗാന്ധി. കേന്ദ്രവും സംസ്ഥാനവും ഇക്കാര്യത്തില്‍ ഒരുമിച്ച് നില്‍ക്കണം. ദുരിത മേഖലയില്‍ നിന്ന് രാഷ്ട്രീയം പറയാന്‍ ഉദ്ദേശിക്കുന്നില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും കക്ഷി വ്യത്യാസം ഇല്ലാതെ രാഷ്ട്രീയ പാര്‍ട്ടികളും എല്ലാം ഒരുമിച്ച് നില്‍ക്കണം എന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
11. വയനാട്ടിലെ ദുരിതബാധിത മേഖലകളില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ രാഹുല്‍ ഗാന്ധി രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പും വിലയിരുത്തിയ ശേഷമാണ് ഇക്കാര്യ വ്യക്തം ആക്കിയത്. ദുരിത മേഖലകളില്‍ എത്രയും പെട്ടെന്ന് ആശ്വാസം എത്തിക്കാന്‍ ആണ് പരിശ്രമിക്കുന്നത് എന്നും കേരളത്തിലെ മഴക്കെടുതി പ്രധാന മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട് എന്നും രാഹുല്‍ വ്യക്തമാക്കി. എല്ലാ സഹായവും പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.
|
|
|