kavalappara

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 83 ആയി. മലപ്പുറം കവളപ്പാറയിൽ ഇന്ന് 5 മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 18 ആയി. കാണാതായ 63 പേരിൽ നാലു പേർ തിരിച്ചെത്തിയതോടെ 59 പേർ അപകടത്തിൽപ്പെട്ടു എന്നാണ് കണക്ക്. ബാക്കിയുള്ളവരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി. കവളപ്പാറയുടെ സമീപ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണി ഇപ്പോഴും തുടരുകയാണ്.

നാലാം ദിവസം നടന്ന തെരച്ചിലിൽ മൂന്നു മൃതദേഹങ്ങൾ പത്തടിയോളം ആഴത്തിൽ മണ്ണെടുത്തു മാറ്റിയ ശേഷമാണ് കണ്ടെത്താനായത്. ഒരേ സമയം 15 മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗപ്പെടുത്തിയാണ് രക്ഷാപ്രവർത്തനം. പരിശീലനം നേടിയ നായകളെയും തെരച്ചിലിന് എത്തിച്ചിട്ടുണ്ട്. നേരത്തെ 63 പേരെ കാണാനില്ലെന്നായിരുന്നു ഔദ്യോഗിക വിവരം. എന്നാൽ 4 പേർ തിരിച്ചെത്തിയതോടെ 59 പേരെ കാണാതായെന്നാണ് ഔദ്യോഗികമായ കണക്ക്.

സൈന്യത്തിനൊപ്പം ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും സന്നദ്ധ സംഘടനകളും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സജീവമായി രംഗത്തുണ്ട്. രക്ഷാപ്രവർത്തനം നടക്കുന്നതിന്റെ സമീപത്ത് ഉരുൾപൊട്ടൽ ഭീഷണിയുണ്ട്. മഴ ശക്തമാവുകയാണങ്കിൽ ഉരുൾപൊട്ടൽ ഭീഷണിയുള്ളതുകൊണ്ട് കവളപ്പാറയിൽ ജാഗ്രതാ നിർദേശമുണ്ട്.