തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ടുള്ള കുപ്രചരണങ്ങൾ തള്ളി ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം.. ഇന്ന് മാത്രം ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് ഒരു കോടിയിലേറെ രൂപ. അവസാനകണക്കിുകൾ അനുസരിച്ച് ഇന്ന് മാത്രം 1.43 കോടിരൂപയാണ് ലഭിച്ചത്. ഉച്ചയ്ക്ക് മൂന്നുമണിവരെ 1.27 കോടി രൂപ ലഭിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിദേശത്തു നിന്നും ദുരിതാശ്വാസ നിധിയിലേക്ക് പണം എത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുത് എന്ന തരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന പണം ദുരിതാശ്വാസത്തിനല്ലാതെ മറ്റ് കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനാവില്ല എന്ന് ധനമന്ത്രി തോമസ് ഐസക്ക് വിശദീകരിച്ചിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ഘടകങ്ങൾ ഉണ്ട്. ഒന്നു ബഡ്ജറ്റിൽ നിന്നു സർക്കാർ നല്‍കുന്ന തുക, രണ്ടു ജനങ്ങൾനല്‍കുന്ന സംഭാവനകൾ. 4106 കോടി രൂപയാണ് (20/07/2019 വരെ ) പ്രളയ ദുരിതാശ്വാസത്തിലേക്ക് അവർ സംഭാവനയായി നല്കിയതെന്ന് തോമസ് ഐസക് പറഞ്ഞു.
പ്രളയ ദുരിതാശ്വാസത്തിന് വേണ്ടി ലഭിച്ച തുക സാധാരണഗതിയിലുള്ള സർക്കാരിന്റെ വേയ്സ് ആന്ഡ് മീൻസിന്നുപോലും താത്കാലികമായി ഉപയോഗപ്പെടുത്തരുത് എന്ന ശാഠ്യം ഉള്ളത് കൊണ്ട് കേരള സർക്കാർ ഒരു പ്രത്യേക തീരുമാനം എടുക്കുകയുണ്ടായി. ആ തീരുമാനപ്രകാരം ഈ തുക തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകളുടെ അക്കൌണ്ടിൽ നിക്ഷേപിച്ചിരിക്കുകയാണെന്നും തോമസ് ഐസക്ക് പറഞ്ഞിരുന്നു.